/kalakaumudi/media/media_files/TKGmIn45jiKTyGAyViU9.jpeg)
പ്രതീകാത്മക ചിത്രം
കൊച്ചി: പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിൽ വർധിച്ചു വരുന്ന മഞ്ഞപ്പിത്ത ബാധ സംബന്ധിച്ച് മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. മൂവാറ്റുപുഴ ആർഡിഒ ഷൈജു പി.ജേക്കബിനാണ് അന്വേഷണത്തിൻറെ ചുമതല. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമര്‍പ്പിക്കണം. നിലവിൽ 2 പേർ മരിക്കുകയും 40ലേറെ പേർ ആശുപത്രിയിലാവുകയും ചെയ്ത ഹെപ്പൈറ്റിസ് എ ബാധ 200ലധികം പേരെയാണ് ബാധിച്ചിരിക്കുന്നത്.
രോഗികളുടെ മരണകാരണം, ഹെപ്പെറ്റൈറ്റിസ് എ പടർന്നു പിടിക്കാനുള്ള കാരണങ്ങൾ, ഏതെങ്കിലും വിധത്തിലുള്ള അശ്രദ്ധയാണോ രോഗം പടർന്നതിന്റർ കാരണം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ വരിക. ഈ മാസം 9ന് ജില്ലാ കലക്ടർ ഉമേഷ് എൻ.എസ്.കെ വേങ്ങൂർ പഞ്ചായത്ത് സന്ദർശിക്കുകയും ഇവിടുത്തെ വീടുകളിലേക്ക് വെള്ളം പമ്പു ചെയ്യുന്ന ചിറയും കിണറും പരിശോധിക്കുകയും ചെയ്തിരുന്നു.
തുടർന്ന്, ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത്. വേങ്ങൂരിലെ 15 വാർഡുകളിൽ രോഗബാധയുണ്ട്. മരിച്ച ജോളി രാജുവിന്റെയും ഗുരുതരാവസ്ഥയിൽ കഴിയുന്ന അഞ്ജനയുടെയും കാര്യങ്ങളും അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ 17നാണ് വേങ്ങൂർ പഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇത് പടർന്നു പിടിക്കുകയായിരുന്നു. അയൽ പഞ്ചായത്തായ മുടക്കുഴ സ്വദേശി രോഗബാധ കാരണം മരിച്ചു. നിലവിൽ ആശുപത്രിയിൽ കഴിയുന്നവരിൽ ശ്രീകാന്തിന്റെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ ഡയാലിസിസ് നടക്കുകയാണ്.