/kalakaumudi/media/media_files/2025/01/22/j2cGFp8k8WZquifFAklj.jpg)
Maharashta Train Accident
മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ബെംഗളൂരു എക്സ്പ്രസ് ഇടിച്ച് 11 പേര്‍ മരിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 4.19ന് പരണ്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, പുഷ്പക് എക്സ്പ്രസിലെ യാത്രക്കാര്‍ ട്രെയിനിന്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.
തൊട്ടടുത്ത ട്രാക്കില്‍ ഇറങ്ങിയപ്പോള്‍ ഇവരെ എതിര്‍ദിശയില്‍ വന്ന ബെംഗളൂരു എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ജല്‍ഗാവ്, പച്ചോര സ്റ്റേഷനുകള്‍ക്കിടയില്‍ നടന്ന സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുഷ്പക് എക്സ്പ്രസ്സില്‍ തീപിടിത്തമുണ്ടായെന്ന കിംവദന്തികള്‍ യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചിലര്‍ അവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. ബെംഗളൂരു എക്സ്പ്രസ് അവരെ ഇടിക്കുകയായിരുന്നു.
ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കൃത്യമായ എണ്ണവും പരുക്കേറ്റവരുടെ നിലയും ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
തീപിടുത്തത്തിന്റെ കിംവദന്തിയിലേക്ക് നയിച്ചതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. ദാരുണമായ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ അധികൃതര്‍ അന്വേഷിക്കുകയാണ്.