എംജി സർവകലാശാല 14 കോളേജുകളുടെ പ്രവർത്തനം അവസാനിപ്പിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം

പ്രസ്തുത പട്ടികയിലെ 14 കോളേജുകളിൽ ഒരെണ്ണം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാതൃ സ്ഥാപനവുമായി ലയിപ്പിച്ചതും മറ്റൊന്ന് വനിതാ കോളജ് എന്ന പദവിയിൽനിന്നും കോ എജ്യുക്കേഷൻ കോളജായി മാറിയതുമാണ്.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​ അ​ഫി​ലി​യേ​റ്റ് ചെ​യ്ത 14 കോ​ള​ജു​ക​ൾ പ്രവ​ർത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​യു​ള്ള വാർത്ത വസ്തുതാപരമല്ലെന്ന് എം​ജി സർവകലാശാല. 14 കോ​ള​ജു​ക​ളി​ൽ ഒരെണ്ണം ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ൻറെ ഭാ​ഗ​മാ​യി മാതൃസ്ഥാപനവു​മാ​യി ല​യി​പ്പി​ച്ച​തും മ​റ്റൊ​ന്ന് വ​നി​താ കോ​ള​ജ് എ​ന്ന പ​ദ​വി​യി​ൽനി​ന്നും കോ ​എ​ഡ്യു​ക്കേ​ഷ​ൻ കോ​ള​ജാ​യി മാ​റി​യ​തു​മാ​ണ്. എ​ൻസി​ടി​യു​ടെ അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രവർത്ത​നം നി​ർത്തേ​ണ്ടി വ​ന്ന കോ​ള​ജും പ​ട്ടി​ക​യി​ലു​ണ്ടെന്നും എംജി യൂ​ണി​വേ​ഴ്‌​സി​റ്റി ര​ജി​സ്ട്രാ​ർ ഡോ. ​കെ. ജ​യ​ച​ന്ദ്ര​ൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണരൂപം:

മഹാത്മാ ഗാന്ധി സർവകലാശാലയില അഫിലിയേറ്റ് ചെയ്ത 14 കോളജുകൾ സമീപ വർഷങ്ങളിൽ പ്രവർത്തനം അവസാനിപ്പിച്ചതായി 2024 ജൂൺ 30ന് ദ ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയും ഇതിന്റെ ചുവടു പിടിച്ച് മറ്റു ചില മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളും വസ്തുതാപരമല്ല. പ്രസ്തുത പട്ടികയിലെ 14 കോളേജുകളിൽ ഒരെണ്ണം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാതൃ സ്ഥാപനവുമായി ലയിപ്പിച്ചതും മറ്റൊന്ന് വനിതാ കോളജ് എന്ന പദവിയിൽനിന്നും കോ എജ്യുക്കേഷൻ കോളജായി മാറിയതുമാണ്. എൻസിടി യുടെ അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തിൽ പ്രവർത്തനം നിർത്തേണ്ടി വന്ന കോളജും പട്ടികയിലുണ്ട്.

ഇതിൽ ഭൂരിഭാഗം കോളജുകളും ഭരണപരമായ കാരണങ്ങളാൽ സർവകലാശാല അഫിലിയേഷൻ ദീർഘിപ്പിച്ചു നൽകാതിരുന്നവയാണ്. അതുകൊണ്ടുതന്നെ സാങ്കേതികമായി ഇവയുടെ പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ല. 2017 മുതൽ 2024 വരെയുള്ള കാലയളവിൽ മഹാത്മാഗാന്ധി സർവകലാശാലക്കു കീഴിൽ 19 സ്വാശ്രയ കോളേജുകളും രണ്ട് എയ്ഡഡ് കോളേജുകളും രണ്ട് സർക്കാർ കോളേജുകളും ആരംഭിക്കുകയും മൂന്നു ലോ കോളജുകളും ഒരു ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജും അനുവദിക്കുകയും ചെയ്തു. കൂടുതൽ കോളജുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ സർക്കാരിന്റെയും സർവകലാശാലയുടെയും പരിഗണനയിലുണ്ട്.

ഇതേ കാലയളവിൽതന്നെ 75 ഓളം എയ്ഡഡ് പ്രോഗ്രാമുകളും അഞ്ഞൂറിൽ പരം സ്വാശ്രയ പ്രോഗ്രാമുകളും പ്രതിവർഷം നിരവധി അധിക ബാച്ചുകളും ആയിരക്കണക്കിന് സീറ്റുകളും അനുവദിക്കുകയുണ്ടായി. ദേശീയ, രാജ്യാന്തര റാങ്കിംഗുകളിൽ മികവ് നിലനിർത്തുകയും നാഷണൽ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ സംസ്ഥാനത്ത് ആദ്യമായി എ ഡബിൾ പ്ലസ് നേടുകയും ചെയ്ത സർവകലാശാലയുടെ കീഴിൽ നിലവിൽ 260 അഫിലിയേറ്റഡ് സ്ഥാപനങ്ങളുണ്ട്.

സംസ്ഥാനത്ത് ഏറ്റവുമധികം സ്വയംഭരണ കോളജുകളുള്ളത് എം.ജി സർവകലാശാലയ്ക്കു കീഴിലാണ്. സർവകലാശാലാ അധികൃതരെ ബന്ധപ്പെടുകയോ അഭിപ്രായം ഉൾപ്പെടുത്തുകയോ ചെയ്യാതെ വസ്തുതാരപരമല്ലാത്ത വാർത്ത പ്രസിദ്ധീകരിച്ച് തെറ്റിധാരണ പരത്തുന്ന ദ ഹിന്ദു ദിനപ്പത്രത്തിന്റെയും ഇതിന്റെ ചുവടു പിടിച്ച് ഏകപക്ഷീമായ റിപ്പോർട്ടുകൾ നൽകിയ മാധ്യമങ്ങളുടെയും നടപടി ദൗർഭാഗ്യകരമാണ്.

mahathma gandhi university