മേലാളന്മാര്‍ക്ക് നേരെ കഠാര ചൂണ്ടിയ അയ്യങ്കാളി

മിസ്റ്റര്‍ അയ്യങ്കാളി ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്യണം'' എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് അയ്യങ്കാളി പറഞ്ഞ മറുപടി ഇതായിരുന്നു: 'അധഃസ്ഥിതരില്‍നിന്ന് പത്ത് ബി. എ.ക്കാരെ കണ്ടിട്ടുവേണം എനിക്ക് മരിക്കാന്‍'. അതായിരുന്നു അയ്യങ്കാളി

author-image
Biju
New Update
ayya

ലോകത്ത് സ്ത്രീകളുടെ, പ്രത്യേകിച്ച് അധ:സ്ഥിത സമുദായത്തില്‍പ്പെട്ട സ്ത്രീകളുടെ വിമോചന പോരാട്ടങ്ങളില്‍ തന്നെ സമാനകളില്ലാത്ത ഒന്നായിരുന്നു 1914 ലെ കല്ലുമാല സമരം. പുലയര്‍ തുടങ്ങിയ അധ:സ്ഥിത വിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ അവരുടെ ജാതിഅടിമത്തത്തിന്റെ അടയാളമെന്ന രീതിയില്‍ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കള്‍ ആഭരണമായി ധരിക്കണമെന്ന നിര്‍ബന്ധം ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു.

വര്‍ഷം 1893. തിരുവിതാംകൂറിലെ പൊതുവഴിയിലൂടെ നടക്കാന്‍ താഴ്ന്ന ജാതിക്കാര്‍ക്ക് അയിത്തം കല്പിച്ചിരുന്ന ഇരുണ്ടയുഗം. അറിയാതെ പോലും പൊതുവഴിയിലൂടെ നടന്നുപോയ താഴ്ന്ന ജാതിക്കാര്‍ ക്രൂരമായ ശിക്ഷകള്‍ ഏറ്റുവാങ്ങിയിരുന്ന കാലം.. 

നഗരത്തിലെ തെരുവിലൂടെ രണ്ട് കാളകളെ കെട്ടിയ ഒരു വില്ലുവണ്ടി മണി മുഴക്കി പൊടിപറപ്പിച്ച് പാഞ്ഞുവരുന്നു. തമ്പ്രാക്കളും പ്രമാണിമാരും മാത്രം ഉപയോഗിച്ചിരിക്കുന്ന വില്ലുവണ്ടിയില്‍ രാജാവിനെപ്പോലെ വരുന്നയാളെ കണ്ട് കൂടി നിന്നവര്‍ ഞെട്ടി. മേലാളന്‍മാരെപ്പോലെ വെള്ള അരക്കയ്യന്‍ ബനിയനും മേല്‍മുണ്ടും തലപ്പാവും അണിഞ്ഞ് വണ്ടിയില്‍ വന്നത് ഒരു അധഃകൃതന്‍. തമ്പ്രാക്കന്‍മാര്‍ കോപംകൊണ്ട് വിറച്ചു. വണ്ടി തടഞ്ഞ് ധിക്കാരിയെ പിടിച്ചുകെട്ടാനായി ഗുണ്ടകള്‍ പാഞ്ഞടുത്തു. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയ ആള്‍ക്ക് കൂസലുമുണ്ടായില്ല... 

മേല്‍മീശയും തടവി അയാള്‍ അരയില്‍ തിരുകിയിരുന്ന കഠാരയുമെടുത്ത് മുന്നോട്ട് നീങ്ങി. കഠാരയുടെ തിളക്കവും അത് വീശുന്നവന്റെ കണ്ണിലെ നിശ്ചയദാര്‍ഢ്യവും കണ്ട തമ്പ്രാക്കളും ഗുണ്ടകളും പരക്കംപാഞ്ഞു. ആ ധിക്കാരിയുടെ പേര് മഹാത്മ അയ്യങ്കാളി. ജാതിക്കോമരങ്ങളെ വിറപ്പിച്ച ആ സംഭവം ചരിത്രത്തില്‍ വില്ലുവണ്ടിയാത്രയെന്ന് അറിയപ്പെട്ടു...

ഓര്‍മ ദിവസങ്ങളില്‍ മാത്രം അനുസ്മരിക്കേണ്ട ഒരു പേരല്ല മഹാത്മ അയ്യങ്കാളി എന്നത്. അധഃസ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി അയ്യങ്കാളി നടത്തിയ ഇടപെടലുകള്‍ക്ക് കേരള ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ഐതിഹാസികമായിരുന്നു ആ ജീവിതം. വീരോചിതമായിരുന്നു ആ പോരാട്ടങ്ങള്‍. കേരളത്തിന്റെ 'സ്പാര്‍ട്ടക്കസ്' എന്നായിരുന്നു അയ്യങ്കാളി വിശേഷിപ്പിക്കപ്പെട്ടത്. 

അദ്ദേഹം നടന്നു തീര്‍ത്ത വഴികളും ഏറ്റെടുത്ത പോരാട്ടങ്ങളും തച്ചുതകര്‍ത്ത അനാചാരങ്ങളും വിലയിരുത്തുമ്പോള്‍ ആ വിശേഷണത്തില്‍ ഒട്ടും അതിശയോക്തി ഇല്ലെന്ന് കാണാനാകും. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസ അവകാശം, ചന്തകളില്‍ പ്രവേശിക്കാനുള്ള അവകാശം, വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍. ആ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ആ കാലഘട്ടത്തെ സമരോത്സുകമാക്കി മാറ്റി. വില്ലുവണ്ടി യാത്രയും (1893) ബാലരാമപുരത്തെ ചാലിയത്തെരുവ് സംഘട്ടനവും മണക്കാട് സംഘര്‍ഷവും കേരള ചരിത്രം ദര്‍ശിച്ച വിപ്ലവങ്ങള്‍ തന്നെയായിരുന്നു. 

വസ്ത്രധാരണം പോലും ഒരു സമരരീതിയാക്കിയ അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍ തന്നെയാണ് മലയാളിയുടെ സമരവീര്യത്തിന്റെ ഭാവുകത്വത്തെ നിര്‍ണയിച്ചതിലെ പ്രധാന ഘടകങ്ങളിലൊന്ന്. ദിവാന്റെ വസ്ത്രധാരണത്തിന് സമാനമായ രീതിയില്‍ വസ്ത്രം ധരിച്ചും തലപ്പാവ് കെട്ടിയും കാതില്‍ കടുക്കന്‍ ഉപയോഗിച്ചും അന്നത്തെ പൊതുബോധങ്ങളെയും ഭരണകൂടത്തെയും അദ്ദേഹം വെല്ലുവിളിച്ചു. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിച്ചാല്‍ അത് പിടിച്ചുവാങ്ങണമെന്നും അതിക്രമങ്ങളോട് ശക്തമായി തിരിച്ചടിക്കണമെന്നുമുള്ള തിരിച്ചറിവ് പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിന് അയ്യങ്കാളിയുടെ ഇത്തരം സമര തന്ത്രങ്ങള്‍ വലിയ പങ്ക് വഹിച്ചു.

1863 ഓഗസ്റ്റ് 28ന് തിരുവനന്തപുരത്തിന് അല്പം തെക്ക് വെങ്ങാനൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ അയ്യന്‍-മാല ദമ്പതിമാരുടെ മകനായി ജനിച്ച അയ്യങ്കാളിയുടെ ജീവിതം തന്നെ ഒരു സമരമായിരുന്നു. അടിമകള്‍ക്ക് തുല്യമായിരുന്നു കേരളത്തിലെയും പൊതുവില്‍ തിരുവിതാംകൂറിലെയും അക്കാലത്തെ പുലയരുടെ ജീവിതം. ജാതീയത കൊടികുത്തിവാണ ആ ലോകത്ത് മൃഗതുല്യരായി മനുഷ്യര്‍ ജനിച്ചുമരിച്ചുകൊണ്ടിരുന്നു. നിരാലംബരായ മണ്ണിന്റെ മക്കള്‍ക്ക് മരിച്ചാല്‍ സംസ്‌കരിക്കാന്‍ സ്വന്തമായി ഒരു പിടി മണ്ണ് പോലുമില്ലായിരുന്നു. 

അധഃസ്ഥിത സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. മേലാളന്‍മാരുടെ തുറിച്ചുനോട്ടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കൈകള്‍കൊണ്ട് മാറിടം മറച്ചുവെന്ന കുറ്റത്തിന് കീഴാള സ്ത്രീകളുടെ മുലയറുത്തെറിഞ്ഞ് വരേണ്യ വര്‍ഗം ജാതി കല്‍പ്പനകള്‍ സംരക്ഷിച്ചു. കുട്ടിക്കാലം മുതല്‍ കണ്ടുപരിചയിച്ച ജാതീയമായ വിവേചനങ്ങള്‍ അയ്യങ്കാളിയുടെ കാഴ്ചപ്പാടുകളെ വലിയ രീതിയില്‍ സ്വാധീനിച്ചു. അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു നേതാവുണ്ടായിരുന്നില്ല. 

അവിടെയാണ് മഹാത്മ അയ്യങ്കാളിയെന്ന മനുഷ്യന്‍ നിരന്തര പോരാട്ടങ്ങളിലൂടെ ശബ്ദമില്ലാത്തൊരു ജനതയുടെ നാവായി മാറിയത്. സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള വില്ലുവണ്ടിയോടിച്ചും വിദ്യാഭ്യാസമെന്ന അവകാശത്തിനായി നിരന്തരം പോരാടിയും അടിമത്തത്തിന്റെ മസ്തകം നോക്കി തന്നെ അദ്ദേഹം പ്രഹരിച്ചുകൊണ്ടിരുന്നു. അയ്യങ്കാളി എന്ന നേതാവിനെ തിരിച്ചറിഞ്ഞ മഹാത്മ ഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത് പുലയരാജയെന്നായിരുന്നു.

നവോത്ഥാന ചരിത്രത്തില്‍ അയ്യങ്കാളിയുടെ പോരാട്ട രീതികള്‍ക്ക് സമാനതകളില്ലായിരുന്നു. കീഴ്ജാതിക്കാര്‍ പൊതുവഴിയിലൂടെ സഞ്ചരിച്ചാല്‍ മേല്‍ജാതിക്കാരുടെ ആക്രമണം ഉറപ്പായിരുന്ന കാലം. അത് മറികടക്കാന്‍ സാക്ഷാല്‍ മഹാരാജാവിന്റെ ഛായാചിത്രം തലയില്‍വെച്ച് പുത്തരിക്കണ്ടം വഴി കിഴക്കേകോട്ടയിലേക്ക് അയ്യങ്കാളി നടത്തിയ യാത്ര അക്ഷരാര്‍ഥത്തില്‍ മേല്‍ജാതിക്കാരെയും കീഴ്ജാതിക്കാരെയും ഞെട്ടിച്ചു. 28ാം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. 

അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലാതിരുന്ന രാജപാതകളില്‍ക്കൂടി പുതിയ പ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു. പ്രഭുക്കന്മാര്‍ മാത്രം ഉപയോഗിച്ചിരുന്ന വില്ലുവണ്ടിയില്‍ തലപ്പാവും കെട്ടി രാജകീയഭാവത്തില്‍ അയ്യങ്കാളി വില്ലുവണ്ടിയിലിരുന്നു. മേലാളനെപ്പോലെ വസ്ത്രം ധരിച്ച് വന്ന അധഃകൃതനെ മേലാളരുടെ ഗുണ്ടകള്‍ തടഞ്ഞു. മീശയും തടവി അരയില്‍ തിരുകിവെച്ചിരുന്ന കഠാരയുമെടുത്ത് അയ്യങ്കാളി ഗുണ്ടകളെ നേരിട്ടപ്പോള്‍ എല്ലാവരും പരക്കംപാഞ്ഞു. 

1891 മുതല്‍ 1893 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി പൊതുവഴികളിലൂടെ വില്ലുവണ്ടിയില്‍ എത്തിയ അദ്ദേഹം പ്രമാണിമാരെ വെല്ലുവിളിക്കുകയായിരുന്നു. ആ വില്ലുവണ്ടിയിലെ കാളയുടെ കഴുത്തിലെ മണികിലുക്കം ഉണര്‍ത്തിയത് നൂറ്റാണ്ടുകളായി അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഒരു ജനതയെ കൂടിയായിരുന്നു. 1889 ല്‍ തന്റെ അനുയായികളൊത്ത് ആറാലുമ്മൂട് ചന്തയിലൂടെ നടത്തിയ കാല്‍നടയാത്രയും ചരിത്രത്തിലിടം നേടി. ജാഥയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ പൊരുതി തോല്‍പ്പിച്ച് അയ്യങ്കാളിയും കൂട്ടരും മുന്നേറി. 

സവര്‍ണാധിപത്യത്തിന്റെ മുഷ്‌കിനുനേരെ അയ്യങ്കാളി മുഷ്ടിചുരുട്ടി തിരിച്ചിടിക്കുകയായിരുന്നു അന്ന്. ബാലരാമപുരം കഴക്കൂട്ടം തുടങ്ങിയ മേഖലകളിലെല്ലാം നിരവധി ഏറ്റുമുട്ടലുകളായിരുന്നു ഈ ഘട്ടത്തില്‍ നടന്നത്. അവസാനം തിരുവിതാംകൂര്‍ രാജാവ് പൊതുനിരത്തിലൂടെ താഴ്ന്ന ജാതിക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു.

ജാതിഭ്രാന്തില്‍ നിന്നും മലയാളിയെ വിമുക്തനാക്കുക എന്നത് എളുപ്പമായിരുന്നില്ല. ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെ ഉള്ളില്‍ പോലും ജാതി വിചാരത്തിന്റെ അടിവേരുകള്‍ ആഴ്ന്നിറങ്ങിയിരുന്നു. ഒരു ജനതയെ മോചിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ടതിന്റെ പേരില്‍ കായികമായും അല്ലാതെയും വലിയ അതിക്രമങ്ങള്‍ അയ്യങ്കാളിക്കും സഹപ്രവര്‍ത്തകര്‍ക്കും നേരിടേണ്ടി വന്നു. അയ്യങ്കാളിയുടെ പോരാട്ടവീര്യത്തെ തളര്‍ത്താന്‍ ഇതിനൊന്നും സാധിക്കുമായിരുന്നില്ല. 

അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊണ്ട് അദ്ദേഹം കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കായികമായ പ്രതിരോധത്തിനും ബുദ്ധിപരമായ മുന്നേറ്റങ്ങള്‍ക്കും അദ്ദേഹം പ്രാധാന്യം നല്‍കി. അയ്യങ്കാളിപ്പട കായികമായ പ്രതിരോധത്തിനും സുസജ്ജമായിരുന്നു. അയ്യങ്കാളിപ്പടയ്ക്ക് കൃത്യമായ സംഘടനാ രൂപമൊന്നും ഉണ്ടായിരുന്നതായി ചരിത്ര രേഖകളില്‍ നിന്ന് വ്യക്തമല്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ കായികമായ ചെറുത്തുനില്‍പ്പും ആവിശ്യമായി വരുമെന്ന് അയ്യങ്കാളി വിശ്വസിച്ചിരുന്നു. അദ്ദേഹവും അനുചരന്മാരും കളരി അഭ്യസിക്കുകയും ചെയ്തിരുന്നു. വില്ലുവണ്ടി യാത്രയും പൊതുവഴി സഞ്ചാരവും കല്ലുമാല സമരവും മാത്രമല്ല പുലയ സ്ത്രീകളുടെ ആത്മാഭിമാനത്ത അപമാനിച്ചവരെ കായികമായിത്തന്നെ നേരിട്ടതും അയ്യങ്കാളിപ്പടയുടെ ചെറുത്തുനില്‍പ്പുകളായിരുന്നു.

അധഃസ്ഥിതനെ അറിവിന്റെ ഉടമയാക്കി മാറ്റിയത് അയ്യങ്കാളിയാണെന്ന് പറയാം. അറിവ് ഏറ്റവും ശക്തമായ ആയുധവും ഉപാധിയുമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇന്ത്യയില്‍ അയ്യായിരത്തിലേറെ വര്‍ഷക്കാലം വിദ്യാഭ്യാസത്തില്‍ നിന്ന് ആട്ടിയകറ്റപ്പെട്ടവനാണ് അധഃസ്ഥിതന്‍. അറിവില്‍നിന്ന് പുറത്താക്കപ്പെട്ടവന്‍. പള്ളിക്കൂടങ്ങളുടെ വാതിലുകള്‍ അയിത്തക്കാരന് നേരെ തുറന്നില്ല. 

സവര്‍ണ പ്രമാണിമാര്‍ അയിത്തജാതി കുട്ടികള്‍ക്ക് തുടര്‍ച്ചയായി വിദ്യാഭ്യാസ അവകാശം നിഷേധിച്ചപ്പോള്‍ വെങ്ങാനൂരില്‍ ഒരു ബദല്‍ കുടിപള്ളിക്കൂടം (1905) സ്ഥാപിച്ച് അയ്യങ്കാളി അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള അവസരമൊരുക്കി. അവര്‍ണരായ കുട്ടികള്‍ക്കുവേണ്ടി അവര്‍ണ്ണര്‍ നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്‌കൂള്‍. എന്നാല്‍ സ്‌കൂള്‍ നിര്‍മ്മിച്ച ദിവസം രാത്രി തന്നെ സവര്‍ണവിഭാഗത്തില്‍പ്പെട്ടവര്‍ സ്‌കൂളിനു തീവെച്ചു. 

ക്ഷമനശിച്ച അയ്യങ്കാളി സവര്‍ണ മാടമ്പിമാരുമായി ഏറ്റുമുട്ടി. പലര്‍ക്കും പരിക്കേറ്റു. വിദ്യാഭ്യാസത്തിനായി അക്ഷരാര്‍ഥത്തില്‍ അയ്യങ്കാളിയും കൂട്ടരും ചോരചിന്തി. ഒടുവില്‍ തോറ്റോടിയത് സവര്‍ണ മാടമ്പിമാരായിരുന്നു. അയ്യങ്കാളിയുടെ പള്ളിക്കൂടം എന്ന സ്വപ്നം യാഥാര്‍ഥ്യമായി. 1907 ല്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ ദളിതര്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിട്ടു.

1907ല്‍ തന്നെ എട്ടുമണിക്കൂര്‍ ജോലിക്കും ആഴ്ചയില്‍ ഒരു ദിവസം അവധിക്കുമായി ശബ്ദമുയര്‍ത്തി അയ്യങ്കാളി കര്‍ഷകരെ സംഘടിപ്പിച്ചു. കര്‍ഷക തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസമായിരുന്നു മറ്റൈാരു പ്രധാന ആവശ്യം. അവര്‍ണര്‍ സാക്ഷരരായാല്‍ സവര്‍ണരുടെ പാടങ്ങളിലെ പണി ആരുചെയ്യുമെന്ന് മേലാളന്മാര്‍ ചോദിച്ചു. 

ഇതിനെതിരെ സമരത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട് മഹാത്മാ അയ്യങ്കാളി പറഞ്ഞു: 'ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും.' ആരും പണിക്കിറങ്ങിയില്ല. ലോകത്താദ്യമായി ഭൂരഹിത കര്‍ഷകര്‍ ഒരു കര്‍ഷക കലാപകാരിയുടെ നേതൃത്വത്തിനുപിന്നില്‍ വിതപ്പാട്ടുകളും മുദ്രാവാക്യങ്ങളുമായി അണിനിരക്കുകയായിരുന്നു. ഒട്ടിയ വയറും ഉജ്ജ്വലസ്വപ്നങ്ങളുമായി ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിനൊടുവില്‍ അയ്യങ്കാളിയുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയിലുടെ വിദ്യാഭ്യാസ വിളംബരം സാര്‍ഥകമായി. 

അന്നത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കണ്ടള നാഗംപിള്ളയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് രാജ്യത്ത് ആദ്യമായി നടന്ന ഈ കര്‍ഷകസമരം ഒത്തുതീര്‍പ്പായത്. കര്‍ഷകത്തൊഴിലാളികളുടെ ജോലി സ്ഥിരത, ഉയര്‍ന്ന കൂലി, അവധി, വിദ്യാഭ്യാസത്തിനും വഴിനടക്കാനുമുള്ള അവകാശം തുടങ്ങിയവയെല്ലാം അംഗീകരിക്കപ്പെട്ടു. ഇന്ത്യയിലെ തൊഴിലാളി മുന്നേറ്റങ്ങള്‍ക്കുള്ള അടിത്തറ കൂടിയായിരുന്നു അന്നവിടെ പാകിയത്.

വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശനം. 1914ലാണ് ദളിത് പെണ്‍കുട്ടിയായ പഞ്ചമിയുമായി അയ്യങ്കാളി സ്‌കൂളിലെത്തുന്നത്. കൃഷിഭൂമി തരിശിടല്‍ സമരത്തിന് പിന്നാലെ താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് അനുമതി ലഭിച്ചതോടെയാണ് അയ്യങ്കാളി പഞ്ചമിയെ സ്‌കൂളില്‍ ചേര്‍ക്കാനെത്തിയത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ പഞ്ചമിക്ക് പ്രവേശനം നല്‍കിയില്ല. 

ദിവാന്റെ ഉത്തരവ് പോലും ഇവര്‍ വകവെച്ചില്ല. അയ്യങ്കാളി പിന്മാറിയില്ല. പഞ്ചമിയെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ മറ്റ് പല പ്രക്ഷോഭങ്ങള്‍ക്കും തിരികൊളുത്തി. തുടര്‍ന്ന് സ്‌കൂള്‍ അഗ്നിക്കിരയായി. പഞ്ചമി ഇരുന്ന ബെഞ്ചും സ്‌കൂളിന്റെ ചിലഭാഗങ്ങളും മാത്രമാണ് അവശേഷിച്ചത്. ഇത് പിന്നീട് ചരിത്ര സ്മാരകമായി. പഞ്ചമി തൊട്ടശുദ്ധമാക്കി എന്നു പറയുന്ന ആ ബഞ്ച് ഇന്നും ഊരൂട്ടമ്പലം സ്‌കൂളിലെ പ്രധാന അധ്യാപകന്റെ മുറിയില്‍ ഗാന്ധിചിത്രത്തിനു താഴെയായി ചരിത്ര സ്മാരകമായി സംരക്ഷിച്ചു പോരുന്നു.

ലോകത്ത് സ്ത്രീകളുടെ, പ്രത്യേകിച്ച് അധഃസ്ഥിത സമുദായത്തില്‍പ്പെട്ട സ്ത്രീകളുടെ വിമോചന പോരാട്ടങ്ങളില്‍ തന്നെ സമാനകളില്ലാത്ത ഒന്നായിരുന്നു 1914 ലെ കല്ലുമാല സമരം. പുലയര്‍ തുടങ്ങിയ അധ:സ്ഥിത വിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ അവരുടെ ജാതിഅടിമത്തത്തിന്റെ അടയാളമെന്ന രീതിയില്‍ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കള്‍ ആഭരണമായി ധരിക്കണമെന്ന നിര്‍ബന്ധം ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു. 

ഒരോത്തരും അവര്‍ക്ക് താങ്ങാനാവുന്നതിലും ഭാരമുള്ള കല്ലുമാലകളണിഞ്ഞാണ് നടന്നിരുന്നത്. അയ്യങ്കാളി ഉള്‍പ്പടെയുള്ളവര്‍ നേതൃത്വം കൊടുത്ത കല്ലുമാല ബഹിഷ്‌കരണ സമരം ഈ ആചാരത്തിനെതിരെയുള്ള പോരാട്ടമായിരുന്നു. കല്ലുമാല ബഹിഷ്‌കരിക്കുന്നത് ജാത്യാചാര ലംഘനമാണെന്നും പുലയ സ്ത്രീകള്‍ വീണ്ടും കല്ലുമാല ധരിക്കണമെന്നുമാവശ്യപ്പെട്ട് സവര്‍ണര്‍ സമരക്കാരെ ആക്രമിക്കുക പതിവായിരുന്നു. പാവപ്പെട്ടവര്‍ ക്രൂരമായി വേട്ടയാടപ്പെട്ടു. സ്ത്രീകള്‍ ധരിച്ചിരുന്ന റൗക്കകള്‍ പരസ്യമായി വലിച്ചുകീറി. പലരുടെയും സ്തനങ്ങള്‍ അറുത്തുകളഞ്ഞു. 

പിതാവിന്റെയും സഹോദരന്റെയും മുന്നിലിട്ട് ഭീകരമായി മര്‍ദിച്ചു. പക്ഷേ, ഒരടിക്ക് പകരം രണ്ടടിയെന്ന അയ്യങ്കാളിയുടെ വിപ്ലവ മുദ്രാവാക്യത്തില്‍ ആവേശഭരിതരായിരുന്ന അധഃസ്ഥിതര്‍ തിരിച്ചടിച്ചു. പെരിനാട് കലാപത്തെത്തുടര്‍ന്ന് കല്ലുമാല ബഹിഷ്‌കരണ സമരം രക്തരൂക്ഷിതമായിക്കൊണ്ടിരിക്കെ, 1915 ല്‍ കൊല്ലംപീരങ്കിമൈതാനിയില്‍ വെച്ച് അയ്യങ്കാളിയുടെനേതൃത്വത്തില്‍ വിപുലമായ സമ്മേളനം നടന്നു. നോട്ടീസോ മൈക്ക് അനൗണ്‍സ്മെന്റോ ഇല്ലാതെ, കേട്ടറിഞ്ഞ് പതിനായിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തി. 

സവര്‍ണരുടെ അക്രമത്തെതുടര്‍ന്ന് വീടുപേക്ഷിച്ചുപോയവരടക്കം ആയിരക്കണക്കിന് പുലയ സ്ത്രീകള്‍ ഈ സമ്മേളനത്തില്‍ ഒത്തുചേര്‍ന്നു. ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയര്‍ന്ന ജാതിക്കാര്‍ മാനിക്കണമെന്നും അയ്യങ്കാളി ആഹ്വാനം ചെയ്തു. കയ്യിലുണ്ടായിരുന്ന കൊയ്ത്തരിവാളുകൊണ്ട് സമ്മേളനത്തിനെത്തിയ സ്ത്രീകള്‍ തങ്ങളുടെ കഴുത്തിലെ കല്ലുമാലകള്‍ പൊട്ടിച്ചെറിഞ്ഞു. പൊട്ടിച്ചെറിഞ്ഞ കല്ലുമാലകളുടെ കുന്നുകള്‍ മൈതാനിയില്‍ നിറഞ്ഞു. അന്നുമുതല്‍ കല്ലുമാലയെന്ന ദുരാചാരം അവസാനിച്ചു. തെക്കന്‍ തിരുവിതാംകൂറില്‍ സാമൂഹികസാമുദായിക രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഈ സമരം തുടക്കംകുറിച്ചു.

സാമൂഹികമായി പിന്നാക്കം നിന്ന തന്റെ ജനതയുടെ ക്ഷേമത്തിനായാണ് 1905ല്‍ അദ്ദേഹം സാധുജനപരിപാലന സംഘത്തിന് രൂപംകൊടുത്തത്. സാധുജന പരിപാലനസംഘം ഒരു സമുദായ സംഘടനയായിരുന്നില്ല. നീതി നിഷേധിക്കപ്പെട്ട മുഴുവന്‍ ജനങ്ങളുടെയും അത്താണിയായി സംഘത്തെ അദ്ദേഹം ഉപയോഗിച്ചു. 

ദളിതരുടെ വിദ്യാലയ പ്രവേശനം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവയ്ക്കായുള്ള സമരങ്ങളെ ഏകോപിപ്പിക്കലായിരുന്നു സംഘടനയുടെ ലക്ഷ്യങ്ങള്‍. നിരന്തരമായ പ്രക്ഷോഭങ്ങള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തി. മേല്‍സൂചിപ്പിച്ച 1907 ലെ കര്‍ഷകതൊഴിലാളി സമരം നടന്നത് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പുതന്നെ ജനാധിപത്യ ഭരണക്രമത്തിലെ നാല് തലങ്ങളും ഈ സംഘടനയിലൂടെ പ്രയോഗിച്ച് വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 

എല്ലാ വകുപ്പ് അധ്യക്ഷന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സാധുജന പരിപാലന സംഘത്തിന്റെ വാര്‍ഷിക യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്നത് നിലവിലുള്ള ദിവാനായിരുന്നു. അവതരിപ്പിക്കപ്പെടുന്ന നിവേദനങ്ങളിലുടെ അധഃസ്ഥിത വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ അധികാരികളെ ബോധ്യപ്പെടുത്തുന്നതിനും പരിഹാരം കാണുന്നതിനുമാണ് സാധുജന പരിപാലനസംഘത്തിന്റെ വാര്‍ഷിക പൊതുയോഗങ്ങള്‍ നടത്തിയിരുന്നത്. അക്കാലത്ത് നിയമസഭ കൂടിയിരുന്ന വി.ജെ.ടി. ഹാളായിരുന്നു സമ്മേളനവേദി. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്ത് വര്‍ഷം കൊണ്ട് 17000 ദളിതര്‍ വിദ്യാഭ്യാസം നേടി. കുറഞ്ഞ കാലം കൊണ്ട് ദളിതരുടെ സാക്ഷരതാ നിരക്കില്‍ വലിയശതമാനം വര്‍ധനവുണ്ടായി.

1912ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് സാമാജികനായി അയ്യങ്കാളിയെ നോമിനേറ്റ് ചെയ്തു കൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായി. സഭാംഗമായിരുന്ന കുമാരനാശാന്‍ അയ്യങ്കാളിയെ സഭയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് രണ്ട് പതിറ്റാണ്ട് തുടര്‍ച്ചയായി അദ്ദേഹം നിയമസഭാ സാമാജികനായിരുന്നു. 

പ്രായപരിധി നോക്കാതെ വിദ്യാഭ്യാസമുള്ള മുഴുവന്‍ അധഃസ്ഥിതര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ ഫീസും ഇളവുചെയ്യണമെന്നും അവര്‍ക്ക് ഗ്രാന്റും സ്‌കോളര്‍ഷിപ്പും നല്‍കണമെന്നും അധഃസ്ഥിതര്‍ വിദ്യാഭ്യാസത്തിലൂടെയും കരകൗശല വിദ്യയിലൂടെയും ഖാദിവസ്ത്ര നിര്‍മാണത്തിലൂടെയും വ്യാപാര, വ്യവസായത്തിലൂടെയും മുന്നോട്ടുവരാനായി സര്‍ക്കാര്‍ പരിശീലനവും സാമ്പത്തികസഹായവും നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1932 മാര്‍ച്ച് 18ന് അയ്യങ്കാളി നിയമസഭയില്‍ചെയ്ത പ്രസംഗം പ്രൗഢമായിരുന്നു. ആ കാലത്ത് തന്നെ ഭൂപരിഷ്‌കരണത്തിനായുള്ള ആവശ്യങ്ങളും അയ്യങ്കാളി പ്രജാസഭയില്‍ ഉന്നയിച്ചിരുന്നു.

1936 ല്‍ ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരത്തിന് തുല്യം ചാര്‍ത്തി. അദ്ദേഹത്തെ നേരിട്ടുകണ്ട് അഭിനന്ദിക്കാനാണ് മഹാത്മാഗാന്ധി തിരുവിതാംകൂറില്‍ വന്നത്. ഈ വിളംബരത്തിനുപിന്നില്‍ അയ്യങ്കാളിയുടെ പ്രവര്‍ത്തനം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി ഗാന്ധിജി അയ്യങ്കാളിയെ വെങ്ങാനൂരില്‍ച്ചെന്ന് കണ്ടു. ഇത് 1937 ജനവരി 14നായിരുന്നു ആ യുഗപരുഷന്മാരുടെ കൂടിക്കാഴ്ച. മിസ്റ്റര്‍ അയ്യങ്കാളി ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്യണം'' എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് അയ്യങ്കാളി പറഞ്ഞ മറുപടി ഇതായിരുന്നു: 'അധഃസ്ഥിതരില്‍നിന്ന് പത്ത് ബി. എ.ക്കാരെ കണ്ടിട്ടുവേണം എനിക്ക് മരിക്കാന്‍'. അതായിരുന്നു അയ്യങ്കാളി.