കൊച്ചി: പേരുകളടക്കം പ്രധാന ഉള്ളടക്കങ്ങൾ സ്വകാര്യതയുടെ കാരണം പറഞ്ഞ് ഒളിപ്പിച്ചുവെച്ച സർക്കാർ കൂടുതൽ വിവരങ്ങൾ ഒളിപ്പിച്ചത് ചതിയാണെന്ന് മാലാ പാർവതി പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ ചതി സർക്കാരിൽ നിന്നും പ്രതീക്ഷിച്ചില്ല. റിപ്പോർട്ട് വന്നാൽ സർക്കാർ നടപടിയെടുക്കുമെന്നാണ് കരുതിയതെന്നും മാല പാർവതി വ്യക്തമാക്കി. നേരത്തെ പുറത്ത് വിടാൻ ഹൈക്കോടതി നിർദേശിച്ച ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഭാഗങ്ങൾ പൂഴ്ത്തി വെച്ചത് റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്.
വിവരാവകാശ കമ്മീഷണറെ നോക്കുകുത്തിയാക്കിയാണ് സർക്കാരിന്റെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടിമാറ്റൽ. ഉത്തരവിൽ പറഞ്ഞതിലും അഞ്ച് പേജ് കുറച്ചാണ് റിപ്പോർട്ട് നൽകിയത്. നിർണായക വിവരം ഉൾപ്പെടുന്ന ഭാഗമാണ് വെട്ടിമാറ്റിയത്. റിപ്പോർട്ടിൻ്റെ വെട്ടിമാറ്റിയ ഭാഗം കൂടി ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടും.
അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയത്. 49 മുതൽ 53 വരെ പേജുകൾ അധികമായി ഒഴിവാക്കിയതായാണ് റിപ്പോർട്ടറിന്റെ കണ്ടെത്തൽ. 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകൾ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.