/kalakaumudi/media/media_files/2025/03/07/qkeQ6HZvGL3dgX1oKI0D.jpg)
മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മലപ്പുറം എസ്പി വിശ്വനാഥ്. കുട്ടികളുടേത് സാഹസിക യാത്രയാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നും ഒപ്പം പോയ യുവാവിന്റേത് സഹായമെന്ന നിലയിലാണ് ഇപ്പോള്‍ കാണുന്നതെന്നും എസ്പി പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുംബൈ പൊലീസിനും ആര്‍പിഎഫിനും മുംബൈയിലെ മലയാളി സമാജത്തിനും നന്ദി പറഞ്ഞു. പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഫോണ്‍ ലൊക്കേഷനും സിം കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളുമെന്നും മലപ്പുറം എസ്.പി. പറഞ്ഞു. കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലാണ് പോയിരിക്കുന്നത് എന്നാണ് മനസിലാകുന്നത്. ശനിയാഴ്ച ഉച്ചയോടെ കുട്ടികള്‍ മടങ്ങിവരുമെന്നാണ് കരുതുന്നതെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികളുടെ കൂടെ ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹത്തേയും തുടര്‍നടപടികളുടെ ഭാഗമായി നാട്ടിലെത്തിക്കും. യുവാവ് പൊലീസുമായി സഹകരിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ കുട്ടികളെ പരിചയപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്. ഇയാള്‍ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളും ചെയ്ത് കൊടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളെ കാണാതായ വിവരം പുറത്ത് വന്നപ്പോള്‍ തന്നെ പോലീസ് സജീവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചത് നിര്‍ണായകമായി. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂര്‍ത്തീകരിക്കാനായത്. എന്തിനാണ് പെണ്‍കുട്ടികള്‍ പോയതെന്ന് വിശദാമായി ചോദിച്ച് അറിയേണ്ടതുണ്ട്. മിനിഞ്ഞാന്ന് വൈകീട്ട് 6 മണിക്കാണ് കാണാതെ ആയ വിവരം കിട്ടിയത്.
ഫോണ്‍ ട്രാക്ക് ചെയ്തത് തുണച്ചു. കുട്ടികളുമായി നാളേ ഉച്ചയ്ക്ക് മുന്‍പ് പൊലീസ് സംഘം മലപ്പുറത്ത് എത്തും. കുട്ടികള്‍ക്കൊപ്പം പോയ യുവാവിന്റേത് സഹായം എന്ന നിലക്ക് ആണ് ഇപ്പോള്‍ കാണുന്നത്. കുട്ടികള്‍ വന്നിട്ട് ബാക്കി കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കാര്യമായ കൗണ്‍സലിങ് നല്‍കണം. കുട്ടികളെ സുരക്ഷിതമായി കണ്ടെത്താന്‍ മുംബൈയിലെ സ്വന്തം ബാച്ച് മേറ്റ്സിനെ ഒക്കെ വിളിച്ചു സഹായം തേടി. മുംബൈ ഒരു മഹാനഗരമാണ്. അവിടെ ഒരാളെ കാണാതായാല്‍ കണ്ടെത്തുക എളുപ്പമല്ല. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയായത് മാധ്യമങ്ങളുടെയടക്കം മികച്ച ഇടപെടല്‍ കൊണ്ടാണ്. കുട്ടികളുടെ യാത്രാ ലക്ഷ്യം എങ്ങോട്ടാണെന്നത് ഒക്കെ അവരോട് ചോദിച്ചു മനസ്സിലാക്കണം.
അവരുടെ കയ്യില്‍ എങ്ങനെ ഇത്ര പണം എന്നതും തിരക്കണം. കുട്ടികള്‍ വന്നാല്‍ ആദ്യം കോടതിയില്‍ ഹാജരാക്കും. യുവാവിനെ പെണ്‍കുട്ടികള്‍ എങ്ങനെ പരിചയപ്പെട്ടു എന്നു കണ്ടെത്തണം. ഇയാള്‍ക്ക് നിലവില്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും എസ്പി പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 11-ഓടെ ആണ് താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതാകുന്നത്. ശേഷം, ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് മുംബൈയിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്. നിലവില്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാനായി താനൂര്‍ പോലീസ് വെള്ളിയാഴ് രാവിലെ ആറിന് പൂനെയിലേക്ക് തിരിച്ചിരുന്നു.
നന്ദി പറഞ്ഞ് കുട്ടികളുടെ രക്ഷിതാക്കള്‍
മുംബൈ: താനൂര്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി പൊലീസ് സംഘം പൂനെയില്‍ നിന്നും നാളെ ഉച്ചയോടെ നാട്ടിലെത്തും. വൈകുന്നേരം അഞ്ചരയോടെ ട്രെയിന്‍ മാര്‍ഗം പൂനെയില്‍ നിന്ന് മടങ്ങുമെന്ന് പൊലീസ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിയോടെ തിരൂരിലെത്തും.
ഗരീബ് രഥ് എക്സ്പ്രസിലായിരിക്കും കുട്ടികളെ നാട്ടിലെത്തിക്കുക. കുട്ടികളെ കൊണ്ടുവരുന്നതിനായി പൊലീസ് സംഘം മുംബൈയിലെത്തിയിരുന്നു. മുംബൈയില്‍ നിന്നും റോഡ് മാര്‍ഗ്ഗം പൂനെയിലേക്ക് പുറപ്പെട്ടു. അതേസമയം, കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാവ് തിരികെ നാട്ടിലേക്ക് പോയി. റോഹയില്‍ നിന്നുമാണ് ഇയാള്‍ തിരികെ ട്രെയിന്‍ കയറിയത്.
താനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളെ മുപ്പത്തിയാറ് മണിക്കൂറിനുശേഷമാണ് മഹാരാഷ്ട്രയില്‍ കണ്ടെത്തിയത്. മക്കളെ തിരികെ കിട്ടിയെന്ന സന്തോഷ വാര്‍ത്ത വന്നതോടെ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടിരിക്കുകയാണ് രാവ് വെളുക്കുവോളം ഉറക്കമൊഴിച്ച് പോലീസ് സ്റ്റേഷനില്‍ കാത്തിരുന്ന രക്ഷിതാക്കള്‍. കുട്ടികളെ കണ്ടെത്തിയ ഉടന്‍ തന്നെ അധികൃതര്‍ രക്ഷിതാക്കളുമായി വീഡിയോകോള്‍ ചെയ്ത് മക്കള്‍ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. ഒന്നും പേടിക്കണ്ട, വേഗം തന്നെ തിരികെ വരൂ എന്ന പിതാവിന്റെ സങ്കടത്തോടെയുള്ള അഭ്യര്‍ഥന കേട്ടതോടെ കുട്ടികളിലൊരാള്‍ മുഖം പൊത്തിക്കരഞ്ഞു.
'കേരള പൊലീസും മുംബൈ മലയാളികളും ചേര്‍ന്ന് കുട്ടികളെ കണ്ടെത്തിത്തന്നതില്‍ വഴരെയധികം നന്ദിയുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കുട്ടികളെ കണ്ടെത്തിയ വിവരം പോലീസ് അറിയിച്ചത്. സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് അവര്‍ ഉറപ്പുതന്നിട്ടുണ്ട്.
കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോയതാണ്. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ തക്ക കാരണങ്ങള്‍ ഒന്നും തന്നെയില്ല. അവള്‍ക്ക് മോഡേണായി നടക്കാന്‍ വലിയ ഇഷ്ടമാണ്. മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. പുരികം ത്രഡ് ചെയ്യണമെന്ന് പറയാറുണ്ടായിരുന്നു. പാന്റ്‌സ് ഇടണമെന്ന് വാശി പിടിച്ചിരുന്നു. ഞങ്ങള്‍ സമ്മതം കൊടുത്തിരുന്നില്ല. എനിക്കതൊന്നും ഇഷ്ടമുള്ള കാര്യമല്ല എന്നുപറഞ്ഞിരുന്നു.
മോഡേണായി നടക്കണമെന്നാണ് അവളുടെ ആഗ്രഹം. അവിടെ പോയി ആദ്യം ചെയ്തതും മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുകയാണ്. ഞങ്ങളെയൊക്കെ ബേജാറാക്കിക്കൊണ്ട് അവര്‍ രണ്ടുപേരും ഒരു ടൂര്‍ പോയി എന്നു കരുതുകയാണ് ഞങ്ങള്‍ ഇപ്പോള്‍. കണ്ടെത്തിയതില്‍ ആശ്വാസമുണ്ട്. ഒരു സി.സി ടിവി ദൃശ്യം മാത്രമേ ആകെയൊരു തുമ്പായി ഉണ്ടായിരുന്നുള്ളൂ. അതില്‍ നിന്നും ഇത്രയെത്തിച്ചതില്‍ എല്ലാവര്‍ക്കും വളരെയധികം നന്ദിയുണ്ട്.
വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് കുട്ടികള്‍ പറഞ്ഞതായി അറിഞ്ഞു. അവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ കഷ്ടപ്പെടുന്നത്. അത് പ്രശ്‌നങ്ങളാണ് എന്നത് അവരുടെ തെറ്റിദ്ധാരണയായിരിക്കും. അവര്‍ തിരികെ വരണം. ഞങ്ങള്‍ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തും. തിരികെ വീട്ടിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്ക് പേടിയുണ്ടാവും. രാത്രി മകളോട് സംസാരിച്ച് പരമാവധി ഹാപ്പിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള സമാജക്കാരാണ് ഭക്ഷണം കൊടുത്തതും കൂടെ നിര്‍ത്തിയതും. അവരോടും നന്ദി പറയുകയാണ്.
എടവണ്ണയിലുള്ള ഒരു സുഹൃത്ത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു എന്നു അറിയുന്നത് പോലീസ് പറഞ്ഞപ്പോഴാണ്. ടെക്സ്റ്റയില്‍ മേഖലയിലുള്ള അയാള്‍ പര്‍ച്ചേസിനുപോയപ്പോള്‍ അവരും കൂടെപ്പോയി എന്നാണ് കേള്‍ക്കുന്നത്. അതേപ്പറ്റി അന്വേഷിക്കട്ടെ. ഞങ്ങള്‍ക്ക് അങ്ങനെയൊരു സൗഹൃദം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടു സ്‌നേഹിതരാണല്ലോ പോയത്. തിരികെ വന്നിട്ട് കൂടുതല്‍ ചോദിച്ചറിയണം.
യൂണിഫോമില്‍ വീട്ടില്‍ നിന്നിറങ്ങിയവര്‍ വഴിയില്‍ നിന്നും ഡ്രസ് മാറിയാണ് വണ്ടി കയറിയത് എന്നറിഞ്ഞു. ഡ്രസ് മാറിയതുകൊണ്ടാണ് കണ്ടെത്താന്‍ ബുദ്ധിമുട്ടായത്. ഡ്രസ് വാങ്ങാനും മുടി സ്ട്രെയ്റ്റന്‍ ചെയ്യാനുമൊക്കെ പണം കണ്ടെത്തിയത് കൈയിലുള്ള ആഭരണങ്ങള്‍ വിറ്റിട്ടായിരിക്കാം. വീട്ടില്‍ നിന്നും പണമൊന്നും കൊണ്ടുപോവാന്‍ സാധ്യതയില്ല. കുഴപ്പമില്ലാത്ത രീതിയില്‍ പഠിക്കുന്ന കുട്ടിയാണ്. തുടര്‍ന്നും പഠിക്കണമെന്നൊക്കെ പറഞ്ഞിരുന്നു. മകള്‍ വീട്ടിലെത്തുക എന്നതാണ് ആദ്യത്തെ ആശ്വാസം.'- വിദ്യാര്‍ഥിനികളില്‍ ഒരാളുടെ രക്ഷിതാവ് പറഞ്ഞു.
കുട്ടികളെ കാണാതായ നിമിഷം തൊട്ട് താനൂര്‍ പൊലീസ് നടത്തിയ ആത്മാര്‍ഥമായ ഇടപെടലുകളില്‍ നന്ദിയുണ്ടെന്നും പിതാവ് പറഞ്ഞു. കുട്ടികളും ഞങ്ങളും ഒരേ മാനസികാവസ്ഥയിലാണ്. മുംബൈയിലെ മലയാളികളുടെ കൈകളില്‍ അവര്‍ സുരക്ഷിതരാണെന്ന് അറിഞ്ഞതോടെ സമാധാനമായി. മുംബൈയിലെ മലയാളികള്‍ക്ക് നന്ദിയുണ്ട്. എത്രയും പെട്ടെന്ന് മക്കള്‍ അടുത്തെത്തിയാല്‍ മതി. ഈ സംഭവത്തിന്റെ പേരില്‍ സമൂഹത്തില്‍ നിന്നോ വാര്‍ത്താമാധ്യമങ്ങളില്‍ നിന്നോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ കൂടുതല്‍ അസ്വസ്ഥതകള്‍ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്നാണ് ആഗ്രഹം-പിതാവ് പറഞ്ഞു.
ഞങ്ങള്‍ പൂര്‍ണ്ണ സുരക്ഷിതരും സന്തോഷവതികളുമാണെന്ന് പെണ്‍കുട്ടികള്‍ പ്രതികരിച്ചു. വേഗത്തില്‍ വീട്ടില്‍ എത്തണമെന്നാണ് ആഗ്രഹം. പൊലീസ് ഇടയ്ക്കിടെ സംസാരിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചുവെന്നും രക്ഷിതാക്കളുമായി സംസാരിച്ചുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പേരെയും ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്. റഹീമിനൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പൊലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്. നിലവില്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാനായി താനൂര്‍ പോലീസ് ഇന്ന് രാവിലെ ആറുമണിക്ക് പൂനെയിലേക്ക് തിരിച്ചു. പുണെയില്‍വച്ച് ആര്‍.പി.എഫ്. ഇവരെ പോലീസിന് കൈമാറും. കുട്ടികളുടെ മാനസികാരോഗ്യം പരിഗണിച്ച് അവര്‍ക്ക് കൗണ്‍സലിങ് നല്‍കും. തിരിച്ചുവന്നാലുള്ള അവസ്ഥ ഓര്‍ത്തുള്ള പേടി അവര്‍ പൊലീസുമായി പങ്കുവെച്ചിരുന്നു.
സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ പരിചയപ്പെട്ട എടവണ്ണ സ്വദേശി റഹീം അസ്ലമിനെ പൊലീസ് കണ്ടെത്തിയതും പിന്തുടര്‍ന്നതുമാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ഇവരുടെ രണ്ടു പേരുടേയും ഫോണിലേക്ക് അവസാനമായി വിളിച്ചത് റഹീമാണ്. ഇയാളുടെ വീട്ടിലെത്തി പൊലീസ് വിവരങ്ങള്‍ അന്വേഷിച്ചു.
രണ്ടുപേരേയും പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നും യാത്ര ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഇരുവരും തന്നോട് പറഞ്ഞുവെന്നും റഹീം അറിയിച്ചു. കോഴിക്കോട്ടുനിന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്ന റഹീം മുംബൈയിലേക്ക് കൂടെ പോയി. അവിടെനിന്ന് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചുവെന്നും റഹീം പോലീസിനോട് പറഞ്ഞു. പൊലീസിന്റെ അന്വേഷണ പരിധിയില്‍തന്നെ റഹീം അസ്ലമുണ്ടായത് പെണ്‍കുട്ടികളിലേക്ക് എത്തുന്നത് വേഗത്തിലാക്കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയത്. മാസ്‌ക് ധരിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയില്‍ എത്തിയതെന്നാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയോട് പറഞ്ഞത്. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പെണ്‍കുട്ടികള്‍ പാര്‍ലറില്‍നിന്ന് പോകുകയായിരുന്നു. കുട്ടികള്‍ പാര്‍ലറില്‍ എത്തിയ വിവരം മഹാരാഷ്ട്ര പൊലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. അതിനുശേഷമാണ് ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ കയറിയത്.