/kalakaumudi/media/media_files/2025/12/20/sreeni-2-2025-12-20-09-15-02.jpg)
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം.
ആക്ഷേപഹാസ്യത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളില്‍ നിസ്സഹായരായ മനുഷ്യരുടെ ജീവിതങ്ങളും വേവലാതികളും സൂക്ഷ്മമായിത്തന്നെ ആവിഷ്‌കരിക്കപ്പെട്ടിരുന്നു.
ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1991 ല്‍ പുറത്തിറങ്ങിയ 'സന്ദേശ'ത്തിന്റെ രാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ സംസ്ഥാന,ദേശീയ പുരസ്‌കാരങ്ങള്‍ നേടി. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്), ധ്യാന്‍ ശ്രീനിവാസന്‍ (അഭിനേതാവ്).
1956 ഏപ്രില്‍ 4ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളജില്‍ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് ചലച്ചിത്ര അഭിനയത്തില്‍ പരിശീലനവും നേടിയ അദ്ദേഹം 1977ല്‍ പി.എ. ബക്കറുടെ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് രംഗത്ത് എത്തിയത്. പ്രശസ്ത സിനിമാനടന്‍ രജനികാന്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠിയായിരുന്നു. ബക്കറുടേയും അരവിന്ദന്റെയും കെ.ജി ജോര്‍ജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പഞ്ചവടിപ്പാലത്തിലും വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്ത അദ്ദേഹം തിരക്കഥാരചനയിലേക്കും കടന്നു.' പൂച്ചയ്‌ക്കൊരു മൂക്കുത്തി'യാണ് ആദ്യ തിരക്കഥ. പ്രിയദര്‍ശനുമായി ചേര്‍ന്ന് ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു.
സന്മസുളളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത,ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ് , അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍ ,ഞാന്‍ പ്രകാശന്‍ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കി. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ സംസ്ഥാന,ദേശീയ പുരസ്‌കാരങ്ങള്‍ നേടി. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍, 2018 ഡിസംബറില്‍ പുറത്തിറങ്ങിയ 'ഞാന്‍ പ്രകാശന്‍'ആണ് ശ്രീനിവാസന്‍ ഏറ്റവും ഒടുവില്‍ തിരകഥ എഴുതിയ ചിത്രം.
അഭിനയ രംഗത്തും മികച്ച വേഷങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചു. മഴമെയ്യുന്നു മദ്ദളം കൊട്ടുന്നു ചിത്രത്തിലെ എംഎ ധവാന്‍, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ കുറ്റന്വേഷകനായ വിജയന്‍, പൊന്‍മുട്ടയിടുന്ന താറാവിലെ സ്വര്‍ണപണിക്കാരന്‍, പാവം പാവം രാജകുമാരനിലെ പാരലല്‍ കോളജ് അധ്യാപകന്‍, വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, തേന്‍മാവിന്‍ കൊമ്പത്തിലെ മാണിക്യന്‍, ഉദയനാണ് താരത്തിലെ സരോജ്കുമാര്‍ തുടങ്ങിയ നിരവധി വേഷങ്ങള്‍ ശ്രദ്ധേയമായി.
ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് 1989ലെ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാര്‍ഡും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998ലെ സാമൂഹികവിഷയ ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും നേടി. മഴയെത്തും മുമ്പേ(1995), സന്ദേശം (1991) എന്നീ ചിത്രങ്ങള്‍ മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം നേടി.
- Dec 20, 2025 13:01 IST
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം: മുഖ്യമന്ത്രി
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ''ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെ അധികമില്ല. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവച്ചത്. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നത്. ഒരു അഭിമുഖത്തിനായി ഞങ്ങള്‍ ഒരുമിച്ചിരുന്നതും നര്‍മ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സില്‍ സ്ഥാനം ഉറപ്പിച്ചതും ഓര്‍മിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസന്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ചുവളര്‍ന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്‌നത്തിലൂടെ പ്രായോഗിക തലത്തില്‍ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണ്.'' മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
- Dec 20, 2025 12:08 IST
ശ്രീനിയെ അവസാനമായി കാണാനെത്തി മമ്മൂട്ടി; പൊട്ടിക്കരഞ്ഞ് ധ്യാന്‍, ഒരുമണി മുതല്‍ പൊതുദര്‍ശനം
ശ്രീനിയെ അവസാനമായി കാണാനെത്തി മമ്മൂട്ടി; പൊട്ടിക്കരഞ്ഞ് ധ്യാന്‍, ഒരുമണി മുതല്‍ പൊതുദര്‍ശനം
- Dec 20, 2025 11:28 IST
ശ്രീനിവാസന്റെ ഭൗതികദേഹം ഉദയംപേരൂരിലുള്ള വീട്ടിലെത്തിച്ചു; സംസ്‌കാരം നാളെ
ശ്രീനിവാസന്റെ ഭൗതികദേഹം ഉദയംപേരൂരിലുള്ള വീട്ടിലെത്തിച്ചു; സംസ്‌കാരം നാളെ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

