1000 കോടിയിലെ മണികിലുക്കം

പുതു വര്‍ഷം തുടങ്ങി പകുതി പോലും ആയില്ല, വെറും നാലു മാസം കൊണ്ട് 985 കോടിയോളം രൂപ ഗ്രോസ് കളക്ഷന്‍ നേടിയിരിക്കുകയാണ് മോളിവുഡ്.

author-image
Rajesh T L
New Update
mal 2

malayalam movies

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഉന്നാല്‍ മുടിയാതെ തമ്പി... വാളയാര്‍ പരമശിവം എന്ന സിനിമയില്‍ ദിലീപ് തന്റെ അനുജനായ എസ്.ഐ ഇന്ദ്രജിത്തിന് എഴുതിയ കത്തിലെ വാചകമുണ്ട്. ശരിയാണ് അടുത്ത കാലം വരെ ദക്ഷിണേന്ത്യയില്‍ ദക്ഷിണേന്ത്യയില്‍ തമിഴ് സിനിമയുടെ കളക്ഷന്‍ മറികടക്കാന്‍ മലയാളത്തിനായിരുന്നില്ല. എന്നാല്‍ കാലം കടന്നുപോയി സുഭാഷ് പാര്‍ക്കില്‍ നിന്ന് തുടങ്ങുന്ന മലയാള സിനിമ ഭാരത പര്യടനം നടത്തി ഉന്നാല്‍ മുടിയും എന്ന് തെളിയിച്ചിരിക്കുകയാണ്.

പുതു വര്‍ഷം തുടങ്ങി പകുതി പോലും ആയില്ല, വെറും നാലു മാസം കൊണ്ട് 985 കോടിയോളം രൂപ ഗ്രോസ് കളക്ഷന്‍ നേടിയിരിക്കുകയാണ് മോളിവുഡ്.

ഈ മാസം മമ്മൂട്ടിയുടെ ടര്‍ബോ, പൃഥ്വിരാജിന്റെ ഗുരുവായൂരമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതോടെ മലയാള സിനിമ വരുമാനനേട്ടത്തില്‍ 1000 കോടി പിന്നിടും. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മോളിവുഡില്‍ നിന്നാണ്. അതേസമയം ബോളിവുഡിന്റെ വിഹിതം 38 ശതമാനമുണ്ട്.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 2018, രോമാഞ്ചം, കണ്ണൂര്‍സ്‌ക്വാഡ്, ആര്‍ഡിഎക്സ്, നേര് തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷന്‍. അടുത്തിടെ മലയാളത്തില്‍ റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളുടെ കളക്ഷനില്‍ നല്ലൊരു പങ്കും ഇതര ഭാഷയില്‍ നിന്നായിരുന്നു. 100 കോടിയോളം രൂപയാണ് ഡബ്ബ് ചെയ്യാതെ പ്രദര്‍ശനത്തിനെത്തിയ മഞ്ഞുമ്മല്‍ബോയ്സ് തമിഴ്‌നാട്ടില്‍നിന്ന് വാരിയെടുത്തത്. അമേരിക്കയിലാദ്യമായി ഒരു ദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 10 കോടിക്കടുത്ത് നേടി. ഫഹദ് ഫാസില്‍ നായകനായ ആവേശവും ആഗോളതലത്തില്‍ 150 കോടിയിലധികം നേടിയിട്ടുണ്ട്.

ഇനി മലയാള സിനിമയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ഓരോ സിനിമയിലും സിനിമാ പ്രേമികള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ടര്‍ബോയും, ഗുരുവായൂമ്പലനടയും, എമ്പുരാനും, ബറോസുമെല്ലാം പെയ്തിറങ്ങുമ്പോള്‍ പുതു ചരിത്രങ്ങള്‍ മോളിവുഡില്‍ അടയാളപ്പെടുത്തി കൊണ്ടിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

മദ്രാസില്‍ നിന്നും തിരിച്ചെത്തിയ മലയാള സിനിമ കൊച്ചിയിലും അവിടെ തന്നെ സുഭാഷ് പാര്‍ക്കിലുമൊക്കെ ചുറ്റിക്കറങ്ങിയാണ് ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമൊക്കെ ഉണ്ടാക്കിയത്. കുറച്ചു പണം മുടക്കി കൂടുതല്‍ ലാഭം കൊയ്യുക എന്ന മലയാളിയുടെ പൊതുതന്ത്രം തന്നെ സിനിമയിലും കാണിച്ചു. കോടികളുടെ ബഡ്ജറ്റ്, ബ്രഹ്‌മാണ്ഡ ചിത്രം എന്നൊന്നും മലയാള സിനിമ ആഗ്രഹിച്ചിട്ടുമില്ല, അതിനായി ശ്രമിച്ചിട്ടുമില്ല.

നല്ല സിനിമകളുടെ പേരിലായിരുന്നു മലയാളം സിനിമ ഇന്ത്യന്‍ സിനിമയില്‍ സ്ഥാനം നേടിയത്. വാണിജ്യസിനിമകളെക്കാള്‍ കലാമൂല്യ ചിത്രങ്ങളായിരുന്നു ആ സ്ഥാനം നേടിക്കൊടുത്തതും. വാണിജ്യ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ മലയാളത്തിന് അതിന്റെതായ പരിമിതി ഉണ്ടായിരുന്നു. ബോളിവുഡിനോ, കോളിവുഡിനോ ഉള്ളത്ര വ്യാപാര ഇടം  മലയാളത്തിന് കിട്ടിയിരുന്നില്ല. 

ഹിന്ദി സിനിമ മഹാരാഷ്ട്രയില്‍ വിജയിക്കുന്നതിനെക്കാള്‍ കൂടുതലായി കേരളത്തില്‍ വിജയിക്കും. തമിഴ് സിനിമ ആ നാട്ടില്‍ ഓടുന്നതിനേക്കാള്‍ കൂടുതലായി കേരളത്തിലെ തിയേറ്ററുകളില്‍ ഓടും. പക്ഷേ തിരിച്ചു സംഭവിച്ചിരുന്നില്ല. മലയാളി ഭാഷാവ്യത്യാസമില്ലാതെ സാഹിത്യ, സംഗീത, സിനിമ രൂപങ്ങളെ സ്വീകരിക്കുന്നവനാണ്. എന്നാല്‍ ഈ സ്വീകാര്യത മറ്റു നാടുകളില്‍ നമുക്ക് ലഭിക്കുന്നില്ല, സിനിമയുടെ കാര്യത്തിലും.

കോടികള്‍ മുടക്കി സിനിമകള്‍ എടുക്കുന്ന ശീലം നമുക്കുണ്ടായിട്ട് ഒരു പതിറ്റാണ്ടിനടുത്ത് മാത്രമെ ആയിട്ടുള്ളു. തെലുങ്കന്‍ ഒരു പാട്ട് സീനിന് വേണ്ടി ചെലവിടുന്ന പണം കൊണ്ട് മലയാളത്തില്‍ ഒരു സിനിമ ചെയ്യാമെന്ന് പറയാറുണ്ടായിരുന്നു. ബോളിവുഡിലെ ഒരു നായകന്‍ വാങ്ങുന്ന പ്രതിഫലം വരില്ല മലയാളത്തിലെ ഒരു ബിഗ് ബഡ്ജറ്റ് മൂവിക്കെന്നും നാം പറഞ്ഞിരുന്നു. 

അങ്ങനെയൊരു അവസ്ഥയില്‍ നിന്ന് മലയാള സിനിമ മാറിയിരിക്കുന്നു എന്നതാണ് ഈയടുത്തകാലത്തായി കാണുന്നത്. പുലിമുരുകന്‍ മലയാള സിനിമയുടെ വാണിജ്യതാത്പര്യങ്ങളെ പുതിയ തലത്തില്‍ എത്തിച്ചു. കോടികള്‍ മുടക്കി അതിലേറൈ കോടികള്‍ കൊയ്യാന്‍ മലയാളത്തിലും കഴിയുമെന്ന് തെളിയിച്ചതാണ് പുലിമുരുകന്റെ സിനിമ ചരിത്രത്തിലെ പ്രധാന്യം.

പുലിമുരുകന്‍ നേടിയ നൂറുകോടി ഒരത്ഭുതമല്ലെന്ന് തെളിയിക്കാനാണ് മലയാള സിനിമ ശ്രമിക്കുന്നത്. അതിനുള്ള ആത്മവിശ്വാസം മോളിവുഡ് നേടിയിട്ടുണ്ട്. സൂപ്പര്‍ താരങ്ങളെല്ലാം തന്നെ അവരുടെ പ്രൊജക്റ്റുകള്‍ വമ്പന്‍ പദ്ധതികളായാണ് ഒരുക്കുന്നത്. ആ തരത്തില്‍ പറയാവുന്ന അഞ്ചിലേറെ ചിത്രങ്ങള്‍ അണിയറില്‍ ഒരുങ്ങുകയാണ്.

ഇതിനെയെല്ലാം കടത്തി വെട്ടിക്കൊണ്ടാണ്  മഹാഭാരതം എന്ന പേരില്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ചലച്ചിത്രമാകുന്നത്. ആയിരം കോടി ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബഡ്ജറ്റ് ആണ്. ഒറ്റയടിക്ക് മലയാളം സിനിമ ഒപ്പത്തിനൊപ്പം എത്തിയത് ബോളിവുഡിനോടോ ടോളിവുഡിനോടോ കോളിവുഡിനോടോ അല്ല, സാക്ഷാല്‍ ഹോളിവുഡിനോടാണ്.

 

malayalam news movies collection