/kalakaumudi/media/media_files/2025/09/12/malayali-2025-09-12-11-20-08.jpg)
കോഴിക്കോട്: നേപ്പാളിൽ കുടുങ്ങിയ മലയാളികൾ നാളെ തിരിച്ചെത്തും. കോഴിക്കോട്, മലപ്പുറം സ്വദേശികളായ 40 പേരാണ് നാളെ തിരിച്ചെത്തുന്നത്. കാഠ്മമണ്ഡുവിൽ നിന്നും ബെംഗളൂരുവിലാണ് വിമാനം മാർഗം എത്തുക. പിന്നീട് റോഡ് മാർഗം കോഴിക്കോട് എത്തും. വിനോദ സഞ്ചാരത്തിനായാണ് സംഘം നേപ്പാളിൽ എത്തിയത്.നേപ്പാളിൽ കുടുങ്ങിയത് 400ലേറെ ഇന്ത്യക്കാർ
നേപ്പാളിൽ 400-ൽ അധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. നേപ്പാളിലെ വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് ചിലരെ ഉത്തർപ്രദേശിലെ സോനൗലിയിലുള്ള ഇന്ത്യ-നേപ്പാൾ അതിർത്തി വഴി തിരിച്ചെത്തിച്ചു. ഡാർജിലിംഗിലെ പാനിറ്റങ്കി അതിർത്തി കടന്നും ചിലർ ഇന്ത്യയിൽ തിരിച്ചെത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, നേപ്പാളിലുള്ള ഇന്ത്യക്കാർക്ക് പുറത്ത് പോകുന്നത് ഒഴിവാക്കാനും എല്ലാ മുൻകരുതലുകളും എടുക്കാനും എംബസി നിർദേശം നൽകിയിരുന്നു.നേപ്പാളിലെ മലയാളികളുടെ സുരക്ഷ, കത്തയച്ച് മുഖ്യമന്ത്രി
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരത്തെ കത്തയച്ചിരുന്നു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലായിരുന്നു ഇടപെടൽ. നേപ്പാളിൽ നടന്ന പ്രക്ഷോഭത്തിൻറെ ഭാഗമായി അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു. കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന് കേരളത്തിൻറെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.