എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു;എം ടിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

എന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു- മമ്മൂട്ടി കുറിച്ചു.

author-image
Subi
New Update
actor

കോഴിക്കോട്: വാക്കുകളെ നെഞ്ചിലേറ്റിയ പ്രിയ എഴുത്തുകാരൻ എംടിയുടെ വിയോ​ഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടൻ മമ്മൂട്ടി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിപ്പിൽ പറയുന്നു. എന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു- മമ്മൂട്ടി കുറിച്ചു.

 

മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.

അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

വിട, പ്രിയപ്പെട്ട എം ടി

 

കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെയാണ് എംടി വിടവാങ്ങിയത്. എംടിയുടെ കോഴിക്കോട്ടെ വീടായ സിത്താരയിലെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിലാണ് സംസ്കാരം.

 

mammootty mt vasudevan nair