മോഹന്‍ലാലിന്റെ അമ്മയെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി

മമ്മൂട്ടിക്കും ഏറെ ഹൃദയബന്ധമുള്ള വ്യക്തിയാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി. അതേസമയം മമ്മൂട്ടിക്കുപുറമേ മലയാള സിനിമയിലെ പ്രമുഖരെല്ലാം ശാന്തകുമാരിയെ കാണാനായി എളമക്കരയിലെ വീട്ടിലേക്കെത്തുകയാണ്.

author-image
Biju
New Update
mamm 3

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടിയെത്തി. എളമക്കരയിലെ വീട്ടിലേക്കാണ് മമ്മൂട്ടിയെത്തിയത്. നടന്‍ രമേഷ് പിഷാരടി, നിര്‍മാതാക്കളായ ആന്റോ ജോസഫ്, ജോര്‍ജ്, ആന്റണി പെരുമ്പാവൂര്‍, ഹൈബി ഈഡന്‍ എം.പി എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

മമ്മൂട്ടിക്കും ഏറെ ഹൃദയബന്ധമുള്ള വ്യക്തിയാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി. അതേസമയം മമ്മൂട്ടിക്കുപുറമേ മലയാള സിനിമയിലെ പ്രമുഖരെല്ലാം ശാന്തകുമാരിയെ കാണാനായി എളമക്കരയിലെ വീട്ടിലേക്കെത്തുകയാണ്.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ശാന്തകുമാരി (90) അന്തരിച്ചത്. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു താമസം. സംസ്‌കാരം ബുധനാഴ്ച നടക്കും.

അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍, തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു.

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടന്‍ ആദ്യം സന്ദര്‍ശിച്ചതും അമ്മയെ ആയിരുന്നു.