/kalakaumudi/media/media_files/nrNcSoQHHNz0OKh0FIgP.jpg)
യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി പന്ത്രണ്ടായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പൊടിയാടി സ്വദേശികളായ ഐക്കര തെക്കേതില്‍ രാജേഷ് കുമാര്‍ (40), പടിഞ്ഞാശ്ശേരില്‍ ശിവാനന്ദന്‍ (56) എന്നിവരാണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്.
ഇരവിപേരൂര്‍ പാടത്തും പാലം ഏട്ടമല വീട്ടില്‍ രാജീവിനെ (43) ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. കര്‍ക്കിടക വാവ് ബലി ദിനമായ മൂന്നാം തീയതി ഉച്ചയോടെ ആയിരുന്നു സംഭവം.
സ്‌പൈനല്‍ കോഡിന് പ്രശ്‌നമുള്ള രാജീവ് തൃക്കുന്നപ്പുഴയിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം മടങ്ങി വരവേ പുളിക്കീഴ് പാലത്തിന് സമീപമുള്ള കടയില്‍ വിശ്രമിക്കാന്‍ ഇറങ്ങി. ഈ സമയം രാജേഷിന്റെ ഉടമസ്ഥതയില്‍ ഉള്ള ഓട്ടോറിക്ഷയില്‍ അമിതമായി മദ്യപിച്ച് എത്തിയ പ്രതികള്‍ അപ്രതീക്ഷിതമായി രാജീവിനെ ആക്രമിച്ച് മൊബൈല്‍ ഫോണുമായി കടന്നു കളയുകയായിരുന്നു.
രാജീവ് പുളിക്കീഴ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒ അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ പിടികൂടിയത്. ആക്രമണത്തിന് ഇരയായ രാജീവ് വ്യാഴാഴ്ച രാവിലെ പോലീസ് സ്‌റ്റേഷനില്‍ എത്തി പ്രതികളെ തിരിച്ചറിഞ്ഞു.സംഭവം നടന്ന പുളിക്കീഴ് പാലത്തിന് സമീപത്തെ കാട്ടില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.