പത്തനംതിട്ട : പൊലീസ് വിട്ടയച്ചയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം .കോയിപ്രം സ്വദേശി സുരേഷാണ് മരിച്ചത് . പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലുളളതായി പറയുന്നുണ്ട്.ചൂരല്‍ കൊണ്ടേറ്റ പോലുളള പാടുകളും ശരീരത്തിലുണ്ട്. പൊലീസ് വിട്ടയച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.കഞ്ചാവ് ബീഡി വലിച്ചെന്നാരോപിച്ചാണ് കോയിപ്രം പൊലീസ് മാര്‍ച്ച് 19ാം തീയതി സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് വിട്ടയക്കുകയും ചെയ്തത്.ചോദ്യം ചെയ്യലിന്റെ ഭാഗമായി വീണ്ടും പൊലീസ് വിളിപ്പിക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു.ഇതിന് ശേഷം 22ാം തീയതി സുരേഷിന്റെ വീട്ടില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ കോന്നി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൃഷിയിടത്തിലാണ് സുരേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
20ാം തീയതി വീട്ടില്‍ മൂന്നുപേര്‍ എത്തുകയും സുരേഷിനെ വീട്ടില്‍നിന്ന് കൊണ്ടു പോയെന്നും സുരേഷിന്റെ മാതാവ് പറയുന്നുണ്ട്.യൂണിഫോമിലാണ് എത്തിയത് എന്നാണ് അമ്മയുടെ മൊഴി.സഹോദരന്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്.