/kalakaumudi/media/media_files/8B3pmjd26nCSFQwwWOTE.jpg)
Arjun
മാനന്തവാടി: വയനാട്ടില്‍ ഏറെകോളിളക്കം സൃഷ്ടിച്ച നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ കുറ്റവാളി 24കാരനായ അര്‍ജുന് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. പനമരം നെല്ലിയമ്പത്ത് റിട്ട. അധ്യാപകനായ പത്മാലയത്തില്‍ കേശവന്‍ നായര്‍, ഭാര്യ പത്മാവതി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ അയല്‍വാസിയാണ് വധശിക്ഷ ലഭിച്ച കുറുമ കോളനിയിലെ അര്‍ജുന്‍. 2021 ജൂണ്‍ 10നാണ് സംഭവം. കേശവന്‍ നായര്‍ പ്രതിയുടെ കുത്തേറ്റ് വീട്ടില്‍ വച്ചും പത്മാവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചുമാണ് മരിച്ചത്. മുഖംമുടി അണിഞ്ഞ ആക്രമകാരിയെന്നായിരുന്നു അവരുടെ മരണമൊഴി.
എന്നാല്‍ കേസില്‍ നിര്‍ണായകമായത് ദമ്പതികളുടെ മകന്‍ മുരളി പ്രസാദ് അടക്കമുള്ളവരുടെ കൃത്യമായ ഇടപെടല്‍ കൂടിയാണ്. തുടക്കത്തില്‍ തന്നെ അപരിചതര്‍ക്ക് തങ്ങളുടെ വീട്ടിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ സാധിക്കില്ലെന്നത് അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. അതിനാല്‍ പ്രദേശത്തുള്ളവര്‍ക്ക് പങ്കുണ്ടാവുമെന്നും പറഞ്ഞു.
കാപ്പിതോട്ടത്തിനുള്ളിലായിരുന്നു കേശവന്‍നായരുടെ വീട്. പ്രതി കയറി ഒളിച്ചത് വീടിന്റെ മുകള്‍ നിലയിലാണ്. അപരിചതര്‍ക്ക് പെട്ടെന്ന് അറിയാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല മുകള്‍ നിലയിലേക്കുള്ള സ്റ്റെപ്പുകള്‍. റോഡില്‍ നിന്ന് ഇടവഴിയിലൂടെ വീടിലേക്ക് എത്താമെന്ന് അറിയുന്നതും അയല്‍ക്കാര്‍ക്കാണ്.
ഇത്തരത്തിലുള്ള സംശയങ്ങള്‍ മുരളി ആദ്യം തന്നെ അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്ക് വച്ചിരുന്നു.വീടിന്റെ മുകള്‍ നിലയില്‍ നിന്നുള്ള ശബ്ദം കേട്ട് സ്റ്റെപ്പ് വഴി കയറാന്‍ തുടങ്ങിയ അച്ഛന്‍ കൊലയാളിയെ കണ്ടിട്ടുണ്ടാകാം. ചിലപ്പോള്‍ അച്ഛന്‍ അറിയുന്ന ആളാകാം എത്തിയത്. ആളെ തിരിച്ചറിഞ്ഞതാകാം കൊലപ്പെടുത്താന്‍ കാരണം- എന്നായിരുന്നു മുരളി പോലിസിനോട് പറഞ്ഞത്.
മുരളി പറഞ്ഞ സംശയങ്ങള്‍ മുഖവിലയ്‌ക്കെടുത്തായിരുന്നു പിന്നീടുള്ള അന്വേഷണം മുന്നോട്ട് പോയത്. പ്രദേശിവാസികളായ നിരവധി പേരെ ചോദ്യം ചെയ്തു. രക്തം പുരണ്ട വസ്ത്രത്തിന്റെ ഭാഗവും സിഗരറ്റ് കവറുമാണ് വീടിന്റെ പരിസരത്ത് നിന്ന് പൊലീസിന് ലഭിച്ചത്.
അജ്ഞാത സംഘമെത്തിയോ എന്ന് പരിശോധിക്കാന്‍ താമരശേരി ചുരത്തിലെ അടക്കം സിസിടിവി ക്യാമറകള്‍ പരിശോധിച്ചിരുന്നു. ഫോണ്‍രേഖകളുടെ പരിശോധനയും നടന്നു. 5 ലക്ഷത്തോളം ഫോണ്‍ കോളുകളാണ് പരിശോധിച്ചത്. 100ലധികം സിസിടിവികളും നോക്കി. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞപ്പോഴാണ് കുത്തേറ്റത് വച്ച് നോക്കുമ്പോള്‍ പ്രതി ഇടംകൈയ്യനാവാനുള്ള സാധ്യതയിലേക്ക് പൊലിസ് എത്തിയത്. ഈ നീക്കം ഫലം കണ്ടു. 100ാം ദിവസം അര്‍ജുനനാണ് പ്രതിയെന്ന് ഉറപ്പിക്കാന്‍ പൊലിസിനായി.
മോഷ്ടിക്കാനായാണ് വീട്ടിലെത്തിയത്. വീടിന്റെ പിന്നിലെ ജനല്‍ കമ്പി നീക്കി ആദ്യം. ആ സമയത്താണ് കേശവന്‍ നായര്‍ ഉറങ്ങിയിട്ടില്ലെന്ന് മനസിലായത്. ഇതോടെ വീടിന്റെ മുന്‍വാതിലില്‍ മുട്ടി. കേശവന്‍ നായര്‍ മുറ്റത്തേക്കിറങ്ങിപ്പോള്‍ അകത്തേക്കു കയറി വീടിന്റെ മുകളിലേക്ക് കയറി ഒളിച്ചുവെന്നായിരുന്നു പ്രതിയുടെ മൊഴി.