/kalakaumudi/media/media_files/2025/01/25/zaCenj12Grod8vW0aHYI.jpg)
mananthavady
മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കടുവയെ വെടിവയ്ക്കാന്‍ ഉത്തരവ് വന്നതിന് പിന്നാലെ കാല്‍പ്പാടുകളടക്കം കണ്ടെത്തിയിരുന്നു. ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ വന്‍ പ്രതിഷേധമാണ് മാനന്തവാടിയില്‍ അരങ്ങേറുന്നത്. വിവിധയിടങ്ങളില്‍ ജനങ്ങള്‍ സംഘടിച്ച് വാഹനങ്ങള്‍ തടയുകയും പ്രതിഷേധിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ കൈയങ്കാളിയില്‍ എത്തുന്ന സാഹചര്യം വരെ ഉണ്ടായി.
പ്രതിഷേധം കടുക്കുന്നതിനിടെ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നാളെ വയനാട്ടില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കടുവയെ വെടിവച്ച് പിടികൂടാതെ പിരിഞ്ഞുപോകില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
അതിനിടെ കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ പറയുകയുണ്ടായി. രാവിലെ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
കടുവയെ കൂട്ടില്‍ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതല്‍ ആളുകള്‍ തെരച്ചിലിനു ഇറങ്ങിയാല്‍ കടുവ പ്രദേശത്തു നിന്നും നീങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യാപക തെരച്ചില്‍ ഇന്നുണ്ടാവില്ല. തെര്‍മല്‍ ഡ്രോണ്‍ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്ത് പരിശോധന നടത്തും. കുങ്കി ആനകളെ പിന്നീട് എത്തിക്കും. കുങ്കി ആനകളെ ഉപയോഗിച്ചു തെരയാന്‍ പറ്റുന്ന ഭൂപ്രദേശമല്ലിത്. മുളങ്കാടുകള്‍ നിറഞ്ഞ പ്രദേശമാണ് ഇവിടമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. അതിനിടെ നാളെ വയനാട്ടില്‍ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകരും യോഗത്തില്‍ പങ്കെടുക്കും. വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.
കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്റെ ഉത്തരവ്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കര്‍ശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവില്‍ പറയുന്നു.
കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ മാനന്തവാടിയില്‍ തുടരുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെ മാനന്തവാടി മുന്‍സിപ്പാലിറ്റി മേഖലയിലാണ് ഹര്‍ത്താല്‍. എസ്ഡിപിഐയും പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നുണ്ട്.