മുന്നണിമാറ്റത്തിന് ജോസ് കെ മാണി യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി: മാണി സി കാപ്പന്‍

ഈശ്വര വിശ്വാസിയായതുകൊണ്ടാണ് കുരിശുപള്ളിക്ക് മുന്നില്‍ വന്ന് ഇക്കാര്യം പറയാന്‍ സാധിക്കുമോ എന്ന് താന്‍ ജോസ് കെ മാണിയോട് ചോദിച്ചത്. തന്റേടം ഉണ്ടെങ്കില്‍ ജോസ് കെ മാണി പാലായില്‍ മത്സരിക്കണമെന്നും മാണി സി കാപ്പന്‍ പറഞ്ഞു

author-image
Biju
New Update
mani c kappan

കോട്ടയം: എല്‍ഡിഎഫിന്റെ ജാഥയില്‍ പാലയില്‍ വച്ച് എംഎംഎല്‍എ മാണി സി കാപ്പനെതിരെ രൂക്ഷ വിമര്‍ശനമാണ് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും നടത്തിയത്. ഇപ്പോള്‍ ഇവരുടെ പ്രതികരണത്തിന് മറുപടിയുമായി മാണി സി കാപ്പന്‍ രംഗത്തുവന്നിരിക്കുകയാണ്.

മുന്നണിമാറ്റത്തിന് ജോസ് കെ മാണി യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ഈശ്വര വിശ്വാസിയായതുകൊണ്ടാണ് കുരിശുപള്ളിക്ക് മുന്നില്‍ വന്ന് ഇക്കാര്യം പറയാന്‍ സാധിക്കുമോ എന്ന് താന്‍ ജോസ് കെ മാണിയോട് ചോദിച്ചത്. തന്റേടം ഉണ്ടെങ്കില്‍ ജോസ് കെ മാണി പാലായില്‍ മത്സരിക്കണമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ജോസ് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നത് ബോധ്യമുള്ളത് കൊണ്ട് പറഞ്ഞതാണ്. തിളച്ച എണ്ണയില്‍ കൈ മുക്കാന്‍ പറഞ്ഞത് താനല്ല അത്. അങ്ങനെ താല്പര്യമുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് തിളച്ച എണ്ണയില്‍ കൈ മുക്കട്ടെയെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

പാലായില്‍ ആദ്യം നിഷ മത്സരിക്കും എന്നാണ് പറഞ്ഞത്, ഇപ്പോള്‍ റോഷി പറയുന്നു ജോസ് മത്സരിക്കുമെന്ന്. ആര് മത്സരിച്ചാലും തനിക്ക് കുഴപ്പം ഇല്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ജനങ്ങള്‍ വിലയിരുത്തട്ടെ എന്ത് വികസനം നടന്നുവെന്ന്. പാലായില്‍ ഏഴ് വര്‍ഷത്തിനിടെ കൊണ്ടുവന്ന വികസനത്തിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വക്കും. മാണി സാറിന്റെ കാലത്തും തന്റെ കാലത്തും നടന്ന വികസനങ്ങള്‍ എന്തൊക്കെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.