കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് കനത്ത തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കും.
കേസിൽ സിപിഎം - ബിജെപി ഒത്തുകളി ആരോപണം ഉയർന്നിരിക്കെയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. ഇക്കാര്യം സഭയിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കിയതാണ്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം - ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷ ആരോപണം.
മഞ്ചേശ്വരം കോഴക്കേസിൽ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സുരേന്ദ്രൻറെ വിടുതൽ ഹർജി പരിഗണിച്ച് പ്രതികൾക്ക് മേൽ ചുമത്തിയ വിവിധ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ സംഘത്തിൻറെയും പ്രൊസിക്യൂഷൻറെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകളും വിധിപ്പകർപ്പിൽ വ്യക്തമാക്കിയിരുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രന് അപരനായി ബി.എസ്.പി.യിലെ കെ. സുന്ദര പത്രിക നൽകിയിരുന്നു. സുരേന്ദ്രന്റെ അനുയായികൾ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്നും പ്രതിഫലമായി 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് ബദിയടുക്ക പോലീസിന്റെ കേസ്.
സുന്ദരയുടെ മൊഴിപ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ജില്ലാകോടതി സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്. കോഴ നൽകിയെന്ന കേസ് നിശ്ചിത സമയപരിധിക്കുശേഷമാണ് ചുമത്തിയതെന്നും വിലയിരുത്തി.