തിരുവനന്തപുരം:മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ വെളിപ്പെടുത്തലുകളുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ടികെഎ നായര്‍. രാജ്യം കണ്ട ഏറ്റവും എളിമയുള്ള, വിനയാന്വിതനായ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ് എന്ന് ടികെഎ നായര്‍പറഞ്ഞു. യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ടി കെ എ നായര്‍.
പ്രധാനമന്ത്രിയായിരുന്ന വേളയിൽ മൻമോഹൻസിംഗിനെ വേദനിപ്പിച്ച പല സംഭവങ്ങളും ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭരണകാലത്ത് കടുത്ത വിമര്‍ശനങ്ങളാണ് മന്‍മോഹന്‍സിങ് നേരിട്ടത്. എന്നാല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലാണ് സിങ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 'രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ 'ഡമ്മി' അല്ലെങ്കില്‍ 'നിഴല്‍ പ്രധാനമന്ത്രി' എന്ന് മുദ്രകുത്തി. എന്നാല്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലാണ് മന്‍മോഹന്‍ സിങ് ശ്രദ്ധിച്ചത്. നായര്‍ പറഞ്ഞു.
വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കുമെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്ന് മന്‍മോഹന്‍ സിങ് വിട്ടു നിന്നു. തന്റെ ഭരണകാലത്ത് അദ്ദേഹം സഹിച്ചിരുന്ന കഠിനമായ മാനസിക വേദന എനിക്ക് മനസ്സിലായി, പക്ഷേ അദ്ദേഹം അത് ഒരിക്കലും പ്രകടിപ്പിച്ചില്ല. എന്നാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും മൻമോഹൻസിംഗ് നടത്തിയില്ലെന്നും ടി കെ എ നായര്‍ പറയുന്നു.
മന്‍മോഹന്‍ സിങ് തന്റെ പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രവര്‍ത്തിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. കാബിനറ്റ് സഹപ്രവര്‍ത്തകര്‍ ആയാലും ഉദ്യോഗസ്ഥരായാലും എല്ലാവരുമായും ഊഷ്മളമായ ബന്ധം പുലര്‍ത്തുകയും, അവര്‍ എപ്പോഴും സന്തോഷകരമായി പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ് എന്നും ടികെഎ നായര്‍ അനുസ്മരിച്ചു.
രാഹുൽഗാന്ധി ഓർഡിനൻസ് കീറിയെറിഞ്ഞത് മൻമോഹൻ സിങിനെ ഏറെ അലട്ടിയെന്നും പക്ഷെ പാർട്ടി അച്ചടക്കം അദ്ദേഹം പാലിച്ചുവെന്നും പിജെ കുര്യൻ പറഞ്ഞു.രണ്ടുകൊല്ലമോ കൂടുതലോ ജയിൽ ശിക്ഷ കിട്ടുന്ന കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ അയോഗ്യരാകുന്ന നിയമം മാറ്റാനുള്ള ഓർഡിനൻസ് രാഹുൽ ഗാന്ധി കീറിയെറിഞ്ഞത് യുപിഎ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അന്ന് അമേരിക്കയിലായിരുന്ന മൻമോഹൻ സിങ് രാജിക്കത്ത് എഴുതി പോക്കറ്റിലിട്ടുവെന്ന സൂചനയാണ് അദ്ദേഹത്തെ അനുഗമിച്ച മാധ്യമപ്രവർത്തകർക്ക് കിട്ടിയത്.അന്ന് ആ തീരുമാനത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചത് ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയ ആണെന്നും പി ജെ കുര്യൻ വ്യക്തമാക്കി.
തന്റെ അനുയായി ആയ സഞ്ജയ് ബാരു എഴുതിയ പുസ്തകത്തിലെ തുറന്നു പറച്ചിൽ പോലും തള്ളിക്കളഞ്ഞ മൻമോഹൻ സിങ് അവസാന നാളുകളിൽ പോലും പാർട്ടിയോട് ചേർന്ന് നിന്നു.