മണ്ണാര്‍കാട് നബീസ വധക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം

2016 ലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയിട്ടും നബീസക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല എന്ന് മനസ്സിലായതോടെ, പ്രതികള്‍ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു . തുടര്‍ന്ന് മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ചു.

author-image
Biju
Updated On
New Update
mmm

Nabessa

പാലക്കാട്: മണ്ണാര്‍ക്കാട് നബീസ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളില്‍ പ്രതി കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. 

ജീവപര്യന്തം തടവിന് പുറമെ 2 ലക്ഷം രൂപ വീതം പ്രതികള്‍ക്ക് പിഴയും വിധിച്ചിട്ടുണ്ട്. കൂടാതെ തെളിവന് നശിപ്പിക്കലിന് പ്രതി ബഷീറിന് 7 വര്‍ഷം അധിക തടവുകൂടി വിധിച്ചിട്ടുണ്ട്. പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേര്‍ന്നാണ് തോട്ടര സ്വദേശിയായ നബീസയെ കൊലപ്പെടുത്തിയത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയിട്ടും നബീസക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല എന്ന് മനസ്സിലായതോടെ, പ്രതികള്‍ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു . തുടര്‍ന്ന് മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ചു.

പ്രതികള്‍ തന്നെ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് നബീസയുടെ സഞ്ചിയില്‍ നിന്നും കിട്ടിയതോടെയാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത്. നേരത്തെ മറ്റൊരു കേസില്‍ പ്രതിയായ ഫസീലക്ക് വീട്ടിലേക്ക് വരാന്‍ നബീസ തടസമായതാണ് കൊലപാതകത്തിന് കാരണം. 

മണ്ണാര്‍ക്കാട് നൊട്ടമലയിലെ ബന്ധുവീട്ടിലെത്തിയ നബീസയെ ബഷീറും ഫസീലയും ചേര്‍ന്ന്, ഇവര്‍ വാടകയ്ക്കു താമസിക്കുന്ന മണ്ണാര്‍ക്കാട് നമ്പിയാംകുന്നിലെ വീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും പിന്നീട് ബലമായി വായില്‍ വിഷം ഒഴിച്ചുനല്‍കിയും കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്. പിറ്റേദിവസം പുലര്‍ച്ചെ മൃതദേഹം കാറില്‍ കൊണ്ടുപോയി ആര്യമ്പാവ് റോഡിലെ ചെട്ടിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പറയുന്നു.

ചുരുളഴിച്ചത് ആത്മഹത്യാക്കുറിപ്പ്

അസ്വഭാവികമരണത്തിനു നാട്ടുകല്‍ പോലീസാണു കേസ് രജിസ്റ്റര്‍ചെയ്തത്. മൃതദേഹത്തിനുസമീപമുള്ള ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പും നബീസയുടെ ഫോണും കണ്ടെടുത്തിരുന്നു. ഇതിലെ ആത്മഹത്യാക്കുറിപ്പാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. നബീസയ്ക്ക് എഴുതാന്‍ അറിയില്ലെന്നു ബന്ധുക്കളും നാട്ടുകാരും പോലീസിനെ അറിയിക്കുകയായിരുന്നു.

വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു ബഷീറിനെയും ഭാര്യയെയും വീട്ടില്‍നിന്നു മുന്‍പ് പുറത്താക്കിയിരുന്നു. സ്വര്‍ണം മോഷ്ടിച്ചതു നബീസ ബന്ധുക്കളോടും മറ്റും പറഞ്ഞതിലുള്ള വൈരാഗ്യംകൊണ്ടും ബഷീറിന്റെ മാതാവിന്റെ സ്വര്‍ണം കാണാതായതുസംബന്ധിച്ചുള്ള സംശയങ്ങള്‍ പുറത്തുവരാതിരിക്കാനുമാണു പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തതെന്നു കുറ്റപത്രത്തില്‍ പറയുന്നു.

മണ്ണാര്‍ക്കാട് സ്റ്റേഷനിലെ സി.ഐ.മാരായിരുന്ന മുഹമ്മദ് ഹനീഫ, ഹിദായത്തുല്‍ മാമ്പ്ര എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി.

ഭര്‍ത്തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ശിക്ഷ:

ഭര്‍ത്തൃപിതാവ് മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഫസീലയ്ക്ക് അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു. ഭക്ഷണത്തില്‍ വിഷം നല്‍കിയായിരുന്നു കൊലപാതകശ്രമം.

2015-ല്‍ മുഹമ്മദ് ഇതു കണ്ടുപിടിച്ചതോടെ പരാതി നല്‍കുകയായിരുന്നു. ഈ കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് ഇരുവരും എറണാകുളത്തു താമസിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം എറണാകുളത്തെ വ്യാപാരസ്ഥാപനത്തില്‍വെച്ച് വ്യാപാരിയുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തിലും ഫസീലയുടെ പേരില്‍ എറണാകുളം ഹില്‍പാലസ് സ്റ്റേഷനില്‍ കേസുണ്ടെന്നു പോലീസ് പറയുന്നു.

വെള്ളിയാഴ്ച മണ്ണാര്‍ക്കാട് കോടതിയിലെത്തിയ, നബീസയുടെ ബന്ധുക്കള്‍ക്കുനേരെയും കോടതിവരാന്തയില്‍വച്ച് ഫസീല ഭീഷണിമുഴക്കി. സംഭവത്തില്‍ ബഷീറിന്റെ സഹോദരി മണ്ണാര്‍ക്കാട് പോലീസില്‍ പരാതിനല്‍കി. ശനിയാഴ്ച ഇവരില്‍നിന്നു കൂടുതല്‍ വിവരങ്ങളെടുക്കുമെന്നു സി.ഐ. എം.ബി. രാജേഷ് പറഞ്ഞു.