എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു

ഒരു മാസത്തിലേറെ നീണ്ട വിവാദങ്ങൾക്കൊടുവിൽ  എംആർ അജിത് കുമാറിനെ മാറ്റിയാണ് പുതിയ നിയമനം. ഇൻ്റലിജൻസ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് എബ്രഹാം ക്രമസമാധാന ചുമതലകളിലേക്കെത്തുന്നത്.

author-image
anumol ps
New Update
manoj abraham


തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. ഒരു മാസത്തിലേറെ നീണ്ട വിവാദങ്ങൾക്കൊടുവിൽ  എംആർ അജിത് കുമാറിനെ മാറ്റിയാണ് പുതിയ നിയമനം. ഇൻ്റലിജൻസ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് എബ്രഹാം ക്രമസമാധാന ചുമതലകളിലേക്കെത്തുന്നത്. നിയമന ഉത്തരവിറങ്ങിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. എന്നാൽ പുതിയ ഇൻ്റലിജൻസ് മേധാവി സ്ഥാനമേൽക്കാത്തതിനാൽ മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുത്തിരുന്നില്ല. ഇന്ന് പി വിജയൻ ഇൻ്റലിജൻസ് എഡിജിപിയായി സ്ഥാനമേറ്റെടുത്തതിന്റെ അടിസ്ഥാനത്തിലാണിത്.

അതേസമയം, ഇന്റലിജൻസ്, ക്രമസമാധാനം എന്നീ സുപ്രധാനചുമതലകൾ ഒരുമിച്ച് ഏറ്റെടുക്കാൻ കഴിയില്ലെന്ന് മനോജ് എബ്രഹാം സർക്കാരിനെ അറിയിച്ചിരുന്നു. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയടക്കം ഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ആർ എസ് എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണവും ഡിജിപി റിപ്പോർട്ടിൽ തള്ളിയിരുന്നു.

manoj abraham