manu thomas facebook post against p jayarajan
കണ്ണൂർ: സി.പി.എം നേതാവ് പി. ജയരാജനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ്. ഫേസ്ബുക്ക് കുറിപ്പിലാണ് മനു ജയരാജനെതിരെ രംഗത്തുവന്നത്. പി. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി എത്തിയത് ക്വട്ടേഷൻ-സ്വർണം പൊട്ടിക്കൽ മാഫിയ സംഘത്തലവന്മാരാണെന്ന് മനു തോമസ് പോസ്റ്റിൽ പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ വധവും ശുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
ഭീഷണിപ്പെടുത്താൻ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് മറുപടി പറയേണ്ട ബാധ്യത സിപിഐഎം നേതൃത്വത്തിനാണ്. കൊലവിളി നടത്തിയ സംഘത്തലവന്മാരോട്, നിങ്ങൾ പറയുന്ന ഈ പ്രതിരോധം ആർക്ക് വേണ്ടിയാണ് എന്തിനാണെന്നും കൃത്യമായ ബോധ്യമുണ്ട്. കൂടുതൽ പറയിപ്പിക്കരുത്. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം, ഒറ്റയ്ക്കായാലും സംഘടനയിൽ നിന്നുകൊണ്ടായാലും. ആരാന്റെ കണ്ണീരും സ്വപ്‌നവും തകർത്ത് കിട്ടുന്ന സന്തോഷത്തിലോ, ക്വട്ടേഷൻ മാഫിയ സ്വർണപ്പണത്തിന്റെ തിളക്കത്തിലോ, ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല. കൊല്ലാനാകും, പക്ഷെ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല. അതുകൊണ്ട് തെല്ലും ഭയവുമില്ല', പോസ്റ്റിൽ മനു തോമസ് പറയുന്നു.
നേരത്തെ മനു തോമസിനെ വെല്ലുവിളിച്ച് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയും രംഗത്തെത്തിയിരുന്നു. മനു തോമസിന് അഭിവാദ്യം നേർന്ന പഴയ പോസ്റ്റിലായിരുന്നു ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളി. എന്തും പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ടെന്ന് ഓർത്താൽ നല്ലതെന്നായിരുന്നു ആകാശിന്റെ മുന്നറിയിപ്പ്. ബിസിനസ് പരിപോഷിപ്പിക്കാൻ രാഷ്ട്രീയത്തിലേക്ക് വന്നയാളെന്നായിരുന്നു അർജുൻ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. റെഡ് ആർമിയെന്ന ഫെയ്‌സ്ബുക്ക് പേജും മനു തോമസിനെതിരെ രംഗത്തെത്തി. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാക്കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്നായിരുന്നു റെഡ് ആർമിയുടെ മുന്നറിയിപ്പ്.