ഭാരത കത്തോലിക്ക സഭയ്ക്ക് അഭിമാനമായി കത്തോലിക്ക സഭയുടെ രാജകുമാരന്മാരുടെ ഗണത്തില്‍ ഇനി മാര്‍ ജോര്‍ജ് കൂവക്കാടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇന്ത്യന്‍ സമയം രാത്രി 9.23-ന് ഇരുപതാമത്തെ ആളായാണ് മാര്‍ ജോര്‍ജ് കൂവക്കാടിനെ വിളിച്ചത്. ചുവന്ന വസ്ത്രത്തിന് പുറത്ത് കറുത്തവസ്ത്രം ധരിച്ചാണ് മാര്‍ ജോര്‍ജ് കൂവക്കാട് സ്ഥാനാരോഹണത്തിനെത്തിയത്.കര്‍ദിനാള്‍ എന്ന വാക്കിന് സഭയുടെ വിജാഗിരിയെന്നും അര്‍ഥമുണ്ട്. പവിത്രമായ ആ വിജാഗിരിയായി ഇനി സഭയുടെ നായകനിരയില്‍ ഇനി കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടുമുണ്ടാവും.സഭയ്ക്കായി രക്ഷസാക്ഷിത്വം വഹിക്കാനും തയാറാണെന്നതിന്റെ സൂചനയായിട്ടാണ് ചുവപ്പ് കുപ്പായം ധരിക്കുന്നത്. വലതുകൈയില്‍ സ്ഥാനമോതിരവും കര്‍ദിനാള്‍ത്തൊപ്പിയും അണിയിച്ചപ്പോള്‍ കേരളത്തിലെ കത്തോലിക്ക സമൂഹത്തിനും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ രൂപതയായ ചങ്ങനാശ്ശേരി അതിരൂപതയ്ക്കും അത് അവിസ്മരണീയ നിമിഷമായി. കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി വിശ്വാസപ്രഖ്യാപനം നടത്തി മാര്‍പാപ്പയോടുള്ള കൂറും പ്രഖ്യാപിച്ചു. സഭയുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞയും ഇതോടൊപ്പം പ്രഖ്യാപിച്ചു.