പുഷ്പങ്ങളുടെ വിസ്മയ ലോകം ഒരുക്കി മറൈൻ ഡ്രൈവ്: ഫ്ലവർ ഷോയ്ക്ക് തുടക്കം

കൊച്ചിയെ വൈവിദ്ധ്യമാർന്ന പൂക്കളുടെ വർണ്ണപ്പൊലിമയിലാക്കുന്ന 41-ാമത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് മറൈൻ ഡ്രൈവിൽ തുടക്കമായി. 54,000 ചതുരശ്രയടി സ്ഥലത്ത് ഒരുക്കിയിരിക്കുന്ന ഫ്ലവർ ഷോ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു

author-image
Shyam Kopparambil
New Update
1

കൊച്ചി: കൊച്ചിയെ വൈവിദ്ധ്യമാർന്ന പൂക്കളുടെ വർണ്ണപ്പൊലിമയിലാക്കുന്ന 41-ാമത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് മറൈൻ ഡ്രൈവിൽ തുടക്കമായി. 54,000 ചതുരശ്രയടി സ്ഥലത്ത് ഒരുക്കിയിരിക്കുന്ന ഫ്ലവർ ഷോ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജനുവരി ഒന്ന് വരെയാണ് ഫ്ലവർ ഷോ. ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിട്ടിയും (ജി.സി.ഡി.എ) സംയുക്തമായാണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്.

നിലം തൊട്ട് നിൽക്കുന്ന ഇലകളുള്ള തായ്‌ലൻഡിൽ നിന്ന് കൊണ്ടുവന്ന ബോസ്റ്റൺ ഫേൺ, 37850 പച്ചമുളകിൽ തീർത്ത മയിലിന്റെ രൂപം എന്നിവയാണ് ഇത്തവണത്തെ ആകർഷണം. 5000ത്തിലധികം ഓർക്കിഡുകൾ, അഡീനിയം, ആന്തൂറിയം, റോസ്, വിവിധ നിറത്തിലുള്ള വാർഷിക പൂച്ചെടികൾ, ബോൺസായ്, സക്കുലന്റ് ചെടികൾ ഉൾപ്പെടെയുണ്ട്. ബ്രൊമിലിയാട്‌സ്, ജമന്തി എന്നിവ കൊണ്ടുള്ള ക്രിസ്മസ് ട്രീ ഒരുക്കിയാണ് മേളയുടെ ആദ്യ ദിനം ആരംഭിച്ചത്.

രാത്രി 9 വരെയാണ് പ്രദർശനം.

മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. ഗ്രൂപ്പായി വരുന്ന കുട്ടികൾക്ക് ഇളവുകളുണ്ട്. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കളക്ടർ എൻ.എസ്‌.കെ. ഉമേഷ്‌, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചിൻ ഫ്ളവർ ഷോ ജനറൽ കൺവീനർ ടി.എൻ. സുരേഷ്, ഫ്ലവർഷോ വൈസ് പ്രസിഡന്റ് പ്രൊഫ. ജേക്കബ് വർഗീസ് കുന്തറ തുടങ്ങിയവർ സംസാരിച്ചു.

വർണ്ണ വിസ്മയം തീർത്ത് കലാ ലില്ലി

ഹോളണ്ടിൽ നിന്നുള്ള ഏഴ് വ്യത്യസ്ത നിറങ്ങളിലും ഇനങ്ങങ്ങളിലുമുള്ള കലാ ലില്ലി, പത്തു നിറത്തിലും ഇനത്തിലുമുള്ള 5000 പോയിൻസിറ്റിയ തുടങ്ങിയവയുടെ പ്രദർശനവുമുണ്ട്. കേരളത്തിൽ ആദ്യമായാണ് കലാ ലില്ലിയുടെ ഇത്രയും വലിയ പ്രദർശനം നടക്കുന്നത്.

ernakulam kochi