/kalakaumudi/media/media_files/eNi0l12AwYW8moow2ubG.jpeg)
Marthoma Sabha
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് അതീവ ഗൗരവമുള്ളതെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. വോട്ടവകാശം എല്ലാവരും വിനിയോഗിക്കണമെന്നും സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. വോട്ടവകാശം ഏവരുടെയും പൗരത്വ കടമയാണെന്നും ഡോ. തിയാഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നവരും വിഭാഗീയതകള്‍ക്കതീതമായ നിലപാടുള്ളവരും പൊതു ജീവിതത്തില്‍ ധാര്‍മികത ഉയര്‍ത്തിപിടിക്കുന്നവരും വിജയിച്ചു വരേണ്ടത് രാജ്യത്തെ ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമാണെന്നും മാർത്തോമ്മാ സഭാധ്യക്ഷൻ പറഞ്ഞു.
ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ, വന്യജീവി ആക്രമണം, ഉള്‍പ്പെടെ നിരവധി നീറുന്ന പ്രശ്നങ്ങള്‍ ജനങ്ങളെ വേട്ടയാടുന്നു. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ ഒപ്പം നില്‍ക്കുന്നവരും പരിഹാരത്തിന് ശ്രമിക്കുന്നവരും തിരഞ്ഞെടുക്കപ്പെടണം. നൂറ്റാണ്ടുകളായി രാജ്യം കാത്തു സൂക്ഷിച്ച ബഹുസ്വരതയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണം. വൈവിദ്ധ്യമാണ് ഇന്ത്യയുടെ ചാരുത. അതില്‍ വിള്ളല്‍ വീണു കൂടാ. വെറുപ്പും വിദ്വേഷവും വളരാന്‍ അനുവദിച്ചു കൂടായെന്നും വാർത്താക്കുറിപ്പിൽ മാർത്തോമ്മാ സഭാധ്യക്ഷൻ വ്യക്തമാക്കി.
ജനാധിപത്യം സംരക്ഷിക്കപ്പെടണം. മത സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും രാജ്യത്തു പുലരണം. ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഭരണഘടനാ അവകാശമായ മതസ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന നീക്കങ്ങള്‍ ആശങ്കാജനകമാണെന്നും ഡോ. തിയാഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത ചൂണ്ടിക്കാണിച്ചു. എല്ലാവര്‍ക്കും തുല്യ നീതിയും അവസര സമത്വവും ലഭ്യമാകണം. ദളിതര്‍ക്കും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടികള്‍ ഉണ്ടാകണം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ യശസും അഭിമാനവും ഉയര്‍ത്തുന്നതാകണം. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാകണമെന്നും മാർത്തോമ്മാ സഭാധ്യക്ഷൻ വാർത്താ കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.