രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി കുഞ്ഞുകൃഷ്ണനെതിരെ പാര്‍ട്ടി നടപടി ഇന്ന്

കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം

author-image
Biju
New Update
kuinji

കണ്ണൂര്‍: സിപിഎമ്മിനെ പിടിച്ച് കുലുക്കിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട വി കുഞ്ഞികൃഷ്ണനെ പുറത്താക്കാന്‍ പാര്‍ട്ടി. ഞായറാഴ്ച കണ്ണൂരില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റിയോഗത്തിനുശേഷം പാര്‍ട്ടി സെക്രട്ടറി ഔദ്യോഗികമായി അറിയിക്കും.

എം വി ജയരാജന്‍, പി ജയരാജന്‍, ഇ പി ജയരാജന്‍ തുടങ്ങിയ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു തീരുമാനം. ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ് ഈ പരസ്യ പ്രസ്താവനയാണെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. പാര്‍ട്ടിയെ തകര്‍ത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. ഉചിതമായ തീരുമാനം പാര്‍ട്ടി ജില്ലാ കമ്മിറ്റി എടുക്കുമെന്ന് രാവിലെ തന്നെ ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പുറത്താക്കല്‍ നടപടി പ്രതീക്ഷിച്ചിരുന്നെന്ന് കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. '50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എനിക്ക് പാര്‍ട്ടി എന്ത് ചിന്തിക്കുമെന്ന് അറിയാം. ഇതേ തുടര്‍ന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ തയാറല്ല. കമ്മ്യൂണിസ്റ്റുകാരനായി തുടരും. ഞാന്‍ ഇതുവരെ ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടുള്ള ആളല്ല. ഇതുവരെയും മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഇനി മുമ്പോട്ടും അങ്ങനെ തന്നെ' എന്ന് വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

നിരവധി തവണ പരാതി നല്‍കിയെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചില്ല. എട്ടുമാസത്തോളം പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു നിലപാട് വ്യക്തമാക്കിയതെന്നും വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തുള്ളവര്‍ക്കേ കഴിയുവെന്നും എതിരാളികള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ ദുരുപയോഗം ചെയ്തിട്ടില്ല. വി കുഞ്ഞികൃഷ്ണനൊപ്പം ഒരാളും ഉണ്ടാകില്ല എന്നും എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് അങ്ങേയറ്റം തെറ്റാണെന്നും സിപിഎം നേതാവ് എംവി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തെ അശേഷം ഭയപ്പെടുന്നില്ല എന്നായിരുന്നു ജയരാജന്റെ വിശദീകരണം. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെതിരെ ഗുരുതര സാമ്പത്തിക ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി നിലപാടെടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം ഉയര്‍ന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് വി കുഞ്ഞിക്കൃഷ്ണന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.