കൊച്ചി: മാസപ്പടി കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കൂടുതല്‍ പേരെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടി, സിഎംആര്‍എല്‍ കമ്പനി, എക്സാലോജിക്ക് ഉള്‍പ്പെടെ 13 പേരെ കൂടി കക്ഷിയാക്കാനാണ് നിര്‍ദേശിച്ചത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. എസ്എഫ്‌ഐഒ കേസില്‍ പ്രതിസ്ഥാനത്തുള്ളവരെയാണ് ഹര്‍ജിയില്‍ എതിര്‍ കക്ഷികളാക്കിയത്. മാസപ്പടി കേസ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളും അന്വേഷിക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പ്രതികളെ കൂടി കേള്‍ക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തിലാണ് കൂടുതല്‍ പേരെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.