/kalakaumudi/media/media_files/2026/01/20/rubber-2026-01-20-21-32-30.jpg)
കോട്ടയം: റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്സുകളിലുണ്ടായ വന്‍ കവര്‍ച്ചയുടെ ഞെട്ടലില്‍ ജീവനക്കാരും കുടുംബാംഗങ്ങളും. മുഴുവന്‍ സമയവും മുന്‍വശത്ത് സുരക്ഷാജീവനക്കാരുടെ കാവലുള്ള മേഖലയാണ് റബര്‍ ബോര്‍ഡ് ആസ്ഥാനം. ഇവിടത്തെ ക്വാര്‍ട്ടേഴ്സുകളില്‍നിന്നാണ് 75 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന പലരുടെയും ഓര്‍മയില്‍ ആദ്യമായിട്ടാണ് ഒരു മോഷണം നടക്കുന്നത്.
ജീവനക്കാര്‍ താമസിക്കുന്ന രണ്ട് ക്വാര്‍ട്ടേഴ്സുകളില്‍നിന്നായാണ് 75 പവനോളം സ്വര്‍ണം മോഷണംപോയത്. ഒരു ക്വാര്‍ട്ടേഴ്സില്‍നിന്ന് 43 പവനും രണ്ടാമത്തെ ക്വാര്‍ട്ടേഴ്സില്‍നിന്ന് 32 പവനും. മൂന്ന് ക്വാര്‍ട്ടേഴ്സുകളില്‍ കവര്‍ച്ചാശ്രമവും നടന്നു. മോഷണം നടന്ന ക്വാര്‍ട്ടേഴ്സുകളില്‍ കഴിഞ്ഞദിവസങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. മോഷണശ്രമം നടന്ന ക്വാര്‍ട്ടേഴ്സുകളിലെ അലമാരകളില്‍നിന്ന് സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടനിലയിലാണ്. ഇവിടങ്ങളില്‍ വിലപ്പിടിപ്പുള്ള വസ്തുക്കളൊന്നും സൂക്ഷിക്കാതിരുന്നതിനാല്‍ ഒന്നും നഷ്ടമായില്ല.
അതേസമയം, കഴിഞ്ഞദിവസം രാത്രി പട്ടി കുരച്ചതായും വാതിലില്‍ തട്ടുന്ന പോലെ ചില ശബ്ദം കേട്ടതായും മറ്റുക്വാര്‍ട്ടേഴ്സുകളിലെ ചില താമസക്കാര്‍ പറഞ്ഞു. താമസക്കാര്‍ ആരെങ്കിലും രാത്രി വന്നതാകുമെന്നാണ് ഇവര്‍ കരുതിയത്.
മോഷണവിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
രണ്ടുക്വാര്‍ട്ടേഴ്സുകളിലാണ് മോഷണം നടന്നതെന്നും മൂന്നിടത്ത് മോഷണശ്രമം നടന്നതായും ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്ത് സിസിടിവി ഇല്ലാതിരുന്നത് അന്വേഷണത്തില്‍ വെല്ലുവിളിയാണ്. എന്നാല്‍, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 9-ന് മാങ്ങാനത്ത് സമാനരീതിയില്‍ മോഷണം നടന്നിരുന്നു. 50 പവന്‍ സ്വര്‍ണമാണ് അന്ന് മോഷ്ടിച്ചത്. ഈ കേസില്‍ മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ അറസ്റ്റ്ചെയ്തു. അടുത്തിടെ ഇയാള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. അടുത്തിടെ വടക്കന്‍ കേരളത്തിലും സമാനരീതിയില്‍ മോഷണം നടന്നിട്ടുണ്ട്. അവിടത്തെ അന്വേഷണസംഘവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
