നെടുങ്കണ്ടം തൂക്കുപാലത്ത് 55 കിലോഗ്രാം ചന്ദനകാതലുമായി അന്തര്‍സംസ്ഥാന ചന്ദനമോഷണസംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. ചോറ്റുപാറ കളത്തില്‍ ബാബു (അങ്കിള്‍61), ചരുവിള പുത്തന്‍വീട് എസ്.അജികുമാര്‍(ബിജു44), കോമ്പമുക്ക് തെള്ളിയില്‍ വീട്ടില്‍ ഹസന്‍കുഞ്ഞ്(57), തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 484ല്‍ സച്ചു ബാബു(25), ചരുവിള പുത്തന്‍വീട്ടില്‍ എസ്.ഷിബു(40) എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. പിടിച്ചെടുത്ത ചന്ദനത്തിന് 12 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഖ്യസൂത്രധാരനെ ഇനിയും കണ്ടുകിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേരള പോലീസിന്റെ തണ്ടര്‍ ബോള്‍ട്ട് മുന്‍സേനാംഗം തൊടുപുഴ ഉടുമ്പന്നൂര്‍ ചെരുവുപറമ്പില്‍ സുനീഷ് ചെറിയാനെ (36) സന്ന്യാസിയോടയില്‍നിന്ന് 45 കിലോ ചന്ദനവുമായി നവംബര്‍ 11ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
ഇവര്‍ക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ തൂക്കുപാലം പാമ്പാടുംപാറ എസ്‌റ്റേറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്ന സച്ചു, ഷിബു, അജികുമാര്‍ എന്നിവരെ പിടികൂടിയത്. ഇവരെ ചോദ്യംചെയ്തപ്പോള്‍ ബാബുവിന്റെ പങ്കിനെപ്പറ്റി വിവരം ലഭിച്ചു. ബാബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചന്ദനം കണ്ടെത്തി. വാഹനത്തിലും ചന്ദനമുണ്ടായിരുന്നു. ഈ കാറും കസ്റ്റഡിയില്‍ എടുത്തു. ബാബു നല്‍കിയ മൊഴിയെത്തുടര്‍ന്ന്, കോമ്പമുക്കില്‍ പലചരക്കുകട നടത്തുന്ന ഹസന്‍കുഞ്ഞിന്റെ കടയില്‍നിന്നു ചന്ദനം കണ്ടെത്തി. കേസിലെ മുഖ്യ സൂത്രധാരനായ അഖില്‍ (ലഗീരന്‍) കര്‍ണാടകത്തിലേക്ക് കടന്നതായി സൂചനയുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.