/kalakaumudi/media/media_files/2025/09/27/amma-2025-09-27-08-06-15.jpg)
അമൃതപുരി: സ്‌നേഹത്താല്‍ കൈകോര്‍ത്ത് പിടിച്ച് ലോകമാകെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മാതാ അമൃതാനന്ദമയി ദേവിക്ക് ഇന്ന് 72-ാം പിറന്നാള്‍. വിപുലമായ ആഘോഷപരിപാടികളും പ്രാര്‍ത്ഥനകളുമാണ് അമൃതപുരിയില്‍ ഒരുക്കിയിരക്കുന്നത്.
സ്‌നേഹത്തിന്റെ നിരാമയകേന്ദ്രങ്ങളായ ആശ്രമങ്ങള്‍ സ്ഥാപിക്കുന്നതോടൊപ്പം ആശുപത്രികളും മെഡിക്കല്‍ കോളെജും സ്‌കൂളുകളും കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളും അമൃതാനന്ദമയി മിഷന്‍ പടുത്തുയര്‍ത്തുന്നു. ഒരേ സമയം പൗരാണികമായ അറിവുകളെ വാരിപ്പുണരുമ്പോള്‍തന്നെ ആധുനിക ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും അമ്മ കൂട്ടിയിണക്കുന്നു.
കൊല്ലം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ഇടയിലെ ഒരു സാധാരണകുടുംബം. അവിടെ ഒരു മത്സ്യത്തൊഴിലാളിയുടെ നാലാമത്തെ മകളായി 1953 സപ്തംബര്‍ 27ന് ജനിച്ച കുട്ടിയായിരുന്നു സുധാമണി. ജനനസമയത്ത് തന്നെ ആ കുട്ടി അസാധാരണമായ രീതിയില്‍ പുഞ്ചിരിച്ചിരുന്നതായി അച്ഛനമ്മമാര്‍ ഓര്‍ക്കുന്നു. ആറ് മാസം പ്രായമായപ്പോഴേക്കും ഈ കുട്ടി നടക്കാന്‍ തുടങ്ങി. രണ്ടു വയസ്സായപ്പോഴേക്കും ഈ കുട്ടി കൃഷ്ണനെ സ്തുതിക്കുന്ന ഗാനങ്ങള്‍ പാടാന്‍ തുടങ്ങി. അവളുടെ ഹൃദയത്തില്‍ അദമ്യസ്‌നേഹവും കാരുണ്യവും കരകവിഞ്ഞൊഴുകിയിരുന്നു. ആ സ്‌നേഹം ഇന്ന് വളര്‍ന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു.
ആശംസകള്‍ നേന്‍ന്ന് മോഹന്‍ലാല്‍
മാതാ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. 'ലോകത്തുള്ള എല്ലാവരെയും മക്കളായി കാണുന്ന അമ്മ സ്‌നേഹാലിംഗനത്തിലൂടെ സകലരുടെയും ദുഃഖങ്ങള്‍ക്ക് സാന്ത്വനം പകരുന്ന സ്‌നേഹനിധിയായ അമ്മ, മാതാ അമൃതാനന്ദമയി അമ്മയെ അങ്ങനെയല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കുക.
അമ്മയുമായി 5 പതിറ്റാണ്ടിലേറെയായി എനിക്ക് ആത്മബന്ധം ഉണ്ട്. മനുഷ്യ മനസ്സിനെ അലട്ടുന്ന സംശയങ്ങള്‍ക്കും ആത്മ സംഘര്‍ഷങ്ങള്‍ക്കുമുള്ള ഉത്തരം എപ്പോഴും അമ്മയുടെ പക്കല്‍ ഉണ്ടാവും. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മക്കളില്‍ ഒരാളായി എന്നെയും ചേര്‍ത്തു പിടിക്കുമ്പോള്‍ ഹൃദയത്തിലേക്ക് അമ്മ പകരുന്ന സ്വാന്തനം വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്.
പതിറ്റാണ്ടുകളുടെ ആത്മജ്ഞാനം കൊണ്ട് ശുദ്ധീകരിക്കപ്പെട്ട അമ്മയുടെ ചൈതന്യം എന്നിലേക്കും പകരുന്നതായി അനുഭവപ്പെടാറുണ്ട്. നമുക്കറിയാം എത്രയെത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അമ്മയുടെ നേതൃത്വത്തില്‍ കാലങ്ങളായി നടത്തപ്പെടുന്നു എത്രയേറെ ജീവിതങ്ങള്‍ക്ക് താങ്ങും തണലും സാന്ത്വനവും അമ്മ നല്‍കിവരുന്നു.
വ്യക്തിപരമായ ആഘോഷങ്ങളില്‍ അമ്മയ്ക്ക് ഒട്ടും താല്പര്യം ഇല്ലെങ്കിലും സെപ്റ്റംബര്‍ 27ന് അമ്മയുടെ ജന്മദിനത്തിന് നമ്മള്‍ മക്കള്‍ക്ക് അതൊരു ആഘോഷം തന്നെയാണ്. അമ്മയുടെ സ്‌നേഹവും കാരുണ്യവും എന്നും ഈ ലോകം മുഴുവന്‍ നിറയട്ടെ. അമ്മയ്ക്ക് ഈ മകന്റെ പിറന്നാള്‍ ദിനാശംസകള്‍' - മോഹന്‍ലാല്‍
മാതാ അമൃതാനന്ദമയിയുടെ കഴിഞ്ഞ പിറന്നാളുകള്‍ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിരുന്നു. പലപ്പോഴും അദ്ദേഹം അമൃതാനന്ദമയിയെ മഠത്തിലെത്തി നേരില്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. ഇരുവരും തമ്മിലുള്ള ആത്മീയ ബന്ധം ഏറെ പ്രസിദ്ധമാണ്.