/kalakaumudi/media/media_files/2026/01/01/rajesh-ganesh-2026-01-01-09-11-52.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്. ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നതാണ് ആവശ്യമെന്നും റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാര്‍ ലംഘനമുണ്ടെന്നും വിവി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2023 ഫെബ്രുവരി 21ന് തിരുവനന്തപുരം കോര്‍പ്പറേഷനും സ്മാര്‍ട്ട് സിറ്റിയും കെഎസ്ആര്‍ടിസിയും തമ്മില്‍ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ പാലിക്കണം എന്നാണ് ആവശ്യം. പീക്ക് ടൈമില്‍ ഇലക്ട്രിക് ബസുകള്‍ സിറ്റിയില്‍ വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അത് പാലിക്കുന്നില്ല. റൂട്ട് നിശ്ചയിക്കുന്ന കാര്യത്തിലും ലംഘനം ഉണ്ടായി. കോര്‍പ്പറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്. ബസ് സര്‍വീസിലെ ലാഭ വിഹിതം നല്‍കുന്നതിലും വീഴ്ച്ചയുണ്ട്. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കരാര്‍ ലംഘിച്ചതായുള്ള മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റും വിവി രാജേഷ് വാര്‍ത്താസമ്മേളനത്തിനിടെ വായിച്ചു.
നിലവില്‍ കരാര്‍ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേഷന് കൂടി ലാഭം നല്‍കാമെന്നാണ് കരാറില്‍ എഴുതിയിരിക്കുന്നത്. നിരവധി ഇടറോഡുകളില്‍ ബസ് ഇല്ലാത്ത പ്രശ്‌നം നിലവിലുണ്ട്. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഗ്രാമീണ മേഖലയിലെ ഇടറോഡുകളിലടക്കം വാഹനസൗകര്യമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ റോഡുകളില്‍ ബസ് എത്തണം എന്നാണ് ആവശ്യം. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട കരാര്‍ പാലിക്കണമെന്നാണ് മന്ത്രിയോട് പറയാനുള്ളത്. കത്ത് കൊടുത്താല്‍ ഇലക്ട്രിക് ബസ് തിരികെ നല്‍കാം എന്ന മന്ത്രിയുടെ പ്രതികരണത്തോടും വിവി രാജേഷ് പ്രതികരിച്ചു. കോര്‍പ്പറേഷന് അത്തരം ആവശ്യങ്ങളൊന്നുമില്ലെന്നും ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മാത്രമേയിടുവെന്ന വാശി ഒന്നുമില്ലെന്നും കോര്‍പ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ടെന്നും പക്ഷെ നിലവില്‍ അതിനെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ലെന്നും വിവി രാജേഷ് പറഞ്ഞു. ബസിന്റെ ബാറ്ററിയാണ് പ്രധാന ഘടകം. ബസിന്റെ 70ശതമാനം തുകയും ബാറ്ററിക്കാണ്. ബസുകളുടെ ബാറ്ററി ഏകദേശം മാറ്റാനുള്ള സമയവുമായി. ബസ് ഓടരുതെന്നോ ബസ് തിരിച്ചെടുക്കണമെന്നോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കരാര്‍ നടപ്പാക്കണമെന്ന് മാത്രമാണ് പറയുന്നതെന്നും വിവി രാജേഷ് പറഞ്ഞു. നിയമ വിദഗ്ധരുമായി ആലോചിച്ച് ഇനി ബസ് സര്‍വീസ് തുടരുന്നകാര്യത്തിലടക്കം ആവശ്യമെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും വിവി രാജേഷ് പറഞ്ഞു.
2024 സെപ്റ്റംബര്‍ ഏഴിന് മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനിട്ട ഫേസ്ബുക്ക് പോസ്റ്റിലെ കാര്യങ്ങളാണ് വിവി രാജേഷ് വിശദീകരിച്ചത്.തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് സുഗമമായ കുറഞ്ഞ നിരക്കിലുള്ള യാത്രാസൗകര്യം ഉറപ്പാക്കുന്നതിനാണ് തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 115 ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് വാങ്ങി നല്‍കിയതെന്നാണ് മുന്‍ മേയറുടെ പോസ്റ്റിലുള്ളതെന്ന് വിവി രാജേഷ് പറഞ്ഞു. കെഎസ്ആര്‍ടിസി കരാര്‍ ലംഘിച്ചതായും മുന്‍ മേയര്‍ പോസ്റ്റില്‍ പറയുന്നുണ്ട്. നഗരസഭയുടെ പരിധി കഴിഞ്ഞ് സമീപ ജില്ലകളിലേക്ക് വരെ ബസ് സര്‍വീസ് നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ഇടപെടല്‍ നടത്തുന്നതിനും തദ്ദേശ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പോസ്റ്റില്‍ പറയുന്നുണ്ടെന്നും വിവി രാജേഷ് പറഞ്ഞു. എല്‍ഡിഎഫിന്റെ മേയര്‍ തന്നെ ഇക്കാര്യങ്ങള്‍ നേരത്തെ ഉന്നയിച്ചിട്ടുണ്ടെന്നും വിവി രാജേഷ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ പാലിക്കണമെന്നാണ് താന്‍ പറയുന്നതെന്നും ബസുകള്‍ തിരിച്ചുവാങ്ങാന്‍ കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിവി രാജേഷ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
