/kalakaumudi/media/media_files/2026/02/12/delhi2-2026-02-12-11-34-54.jpg)
ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള ബിജെപി കൗണ്‍സിലര്‍മാരുടെ സംഘം ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീനുമായി കൂടികാഴ്ച നടത്തി. ദേശീയ ആസ്ഥാനത്ത് പഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്. ഇന്ന് വൈകീട്ട് സംഘം നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം മേയര്‍ വിവി രാജേഷിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന് വന്‍ വരവേല്‍പ്പാണ് ഡല്‍ഹിയില്‍ ഒരുക്കിയത്. ഉച്ചയ്ക്ക് റെയില്‍വേ സ്റ്റേഷനിലും രാത്രി പാര്‍ട്ടി ആസ്ഥാനത്തും ഡല്‍ഹി മലയാളികളടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ വരവ് ആഘോഷമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പടുക്കവേ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ കൂടികാഴ്ചയില്‍ നിര്‍ദേശിച്ചത്. ഇന്ന് വൈകീട്ട് നാല് മണിമുതല്‍ രണ്ട് മണിക്കൂറാണ് സംഘം പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുക. മോദിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. നാളെ രാവിലെ അമിത്ഷായുമായും കൂടികാഴ്ചയുണ്ട്. കേന്ദ്ര നഗരവികസന മന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ നഗര വികസനത്തെകുറിച്ച് ക്ലാസെടുക്കും.
ഉച്ചയ്ക്ക് പാര്‍ലമെന്റും സന്ദര്‍ശിക്കും. മറ്റന്നാള്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കും, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെയും മറ്റ് ദേശീയ നേതാക്കളെയും കണ്ടാണ് മടങ്ങുക. തിരുവനന്തപുരത്തടക്കം തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച 115 ജനപ്രതിനിധികളാണ് സംഘത്തിലുള്ളത്. കൂടികാഴ്ചകളില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും യാത്ര ധൂര്‍ത്താണെന്ന പ്രചാരണം കള്ളമെന്നും രാജേഷ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയവും, തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനവും ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്ത്വത്തിന്റെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പടുക്കവേ ജന പ്രതിനിധികളിലൂടെ പ്രചാരണം കാര്യക്ഷമമാക്കുകയും ദില്ലി പ്രവാസിന്റെ ലക്ഷ്യമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
