മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍

ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാൽറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കി

author-image
Devina
New Update
doctor

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതൽ. വിവിധ ആവശ്യങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാൻ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതൽ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും ആരംഭിക്കും.

ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാൽറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കി. എല്ലാ മെഡിക്കൽ കോളജുകളിലും ഇന്ന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 19 ന് സെക്രട്ടേറിയേറ്റിനു മുന്നിൽ സംഘടന ധർണ നടത്തും. രാവിലെ 10 മണി മുതൽ ആണ് ധർണ്ണ. അന്നു മുതൽ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തും. ഫെബ്രുവരി 26 മുതൽ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് കെജിഎംസിറ്റിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.