ചികിത്സ പിഴവ് ; വലതുകൈ മുറിച്ചുമാറ്റപ്പെട്ട ഒമ്പതുവയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഇടപെടലിൽ കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് കൃത്രിമക്കൈ ഘടിപ്പിച്ചത്.കൈ ഘടിപ്പിച്ച ശേഷം സമ്മാനങ്ങളുമായി വിനോദിനിയെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു

author-image
Devina
New Update
vinodhini

കൊച്ചി: ചികിത്സ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റപ്പെട്ട ഒമ്പതുവയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഇടപെടലിൽ കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് കൃത്രിമക്കൈ ഘടിപ്പിച്ചത്.

കൈ ഘടിപ്പിച്ച ശേഷം സമ്മാനങ്ങളുമായി വിനോദിനിയെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. രണ്ടു ദിവസം കൂടി ആശുപത്രിയിൽ കഴിയണം. പിന്നീട് സ്‌കൂളിൽ പോകണം, അതാണ് വിനോദിനിയുടെയും കുടുംബത്തിന്റെയും തീരുമാനം.2025 സെപ്റ്റംബറിലാണ് പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റത്.

വലതുകൈയുടെ എല്ല് പൊട്ടി. പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്ലാസ്റ്ററിട്ട് മടക്കിയയച്ചു. മുറിവ് വൃത്തിയാക്കാതെ പ്ലാസ്റ്ററിട്ടതിനാൽ പഴുപ്പ് കയറി അണുബാധയുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് കൈ മുട്ടിനു താഴെ മുറിച്ചുമാറ്റുകയായിരുന്നു. ഇന്ന് കാക്കനാട്ടെ സ്വകാര്യ പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് റിഹാബിലിറ്റേഷൻ സെന്ററിൽ വിനോദിനിക്ക് പുതിയ കൈ വച്ചുകൊടുത്തു.

 വിഡി സതീശനാണ് ഇതിന്റെ മുഴുവൻ ചെലവും വഹിച്ചത്.വിരലുകൾ മടക്കാൻ പറ്റുന്ന തരത്തിൽ ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. നാലു മണിക്കൂറോളം ചാർജ് ചെയ്താൽ രണ്ടുമൂന്നു ദിവസം പ്രവർത്തിക്കും. വിരലുകൾ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനുമെല്ലാം കഴിയുമെന്നതിനാൽ വിനോദിനിയും കുടുംബവും സന്തോഷത്തിലാണ്.

അഴിച്ചുവെക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കൈയാണിത്. തിങ്കളാഴ്ച കൂടി ആശുപത്രിയിൽ തുടർന്ന ശേഷം ചൊവ്വാഴ്ച വിനോദിനി നാട്ടിലേക്ക് മടങ്ങും. അടുത്ത ദിവസം മുതൽ സ്‌കൂളിൽ പോകാനുള്ള തയാറെടുപ്പിലാണ് വിനോദിനി.