/kalakaumudi/media/media_files/2025/07/13/pkx7lrwu-2025-07-13-12-38-19.jpg)
കണ്ണൂര്‍: സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത സി. സദാനന്ദന്‍ മാസ്റ്റര്‍. അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനും വിദ്യാഭ്യാസവിചക്ഷണനും ചിന്തകനുമായ സദാനന്ദന്‍ മാസ്റ്റര്‍.
ആര്‍എസ്എസ് മുന്‍ കണ്ണൂര്‍ ജില്ലാ സഹകാര്യവാഹായ അദ്ദേഹം നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. സി. സദാനന്ദന്‍ മാസ്റ്റര്‍ സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് സഹകാര്യവാഹായിരിക്കെ സിപിഎം സംഘം രാഷ്ട്രീയ അസഹിഷ്ണുതയുടെ പേരില്‍ അദ്ദേഹത്തിന്റെ ഇരുകാലുകളും വെട്ടിമാറ്റുകയായിരുന്നു. 1994 ജനുവരി 25നാണ് രാത്രി 8.30ന് ഉരുവച്ചാലില്‍ ബസിറങ്ങി വീട്ടിലേക്ക് പോകാന്‍ നില്‍ക്കവെയാണ് മാസ്റ്ററെ സിപിഎം സംഘം അക്രമിച്ച് കാലുകള്‍ വെട്ടിമാറ്റിയത്. ആ സമയത്ത് അദ്ദേഹത്തിന് 30 വയസ് മാത്രമായിരുന്നു പ്രായം.
ഇരുകാലുകളും നഷ്ടമായിട്ടും, കൃത്രിമ കാലുകളുടെ ഉപയോഗം പലപ്പോഴും ശാരീരിക അവശതകള്‍ക്ക് കാരണമാകുമ്പോഴും താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിനു വേണ്ടി ഇക്കാലമത്രയും സ്വന്തം നിശ്ചയദാര്‍ഢ്യത്തോടെയും മനഃശക്തിയോടെയും രാഷ്ട്രീയ-സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞു നിന്നു.
അനുപമമായ വ്യക്തിത്വത്തിനുടമയായ അദ്ദേഹം കക്ഷി-രാഷ്ട്രീങ്ങള്‍ക്കതീതമായി സര്‍വ സ്വീകാര്യനാണ്. ആര്‍എസ്എസ് നേതൃനിരയില്‍ നിന്നാണ് സൗമ്യ മുഖമായ സി. സദാനന്ദന്‍ മാസ്റ്റര്‍ ബിജെപി നേതൃനിരയിലേക്ക് വരുന്നത്.
കണ്ണൂര്‍ മട്ടന്നൂരിനടുത്ത ഉരുവച്ചാല്‍ പെരിഞ്ചേരി സ്വദേശിയായ ഇദ്ദേഹം ആര്‍എസ്എസിലൂടെയാണ് സംഘ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. 2016ല്‍ കൂത്തുപറമ്പ് അസംബ്ലി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഇരുപതിനായിരത്തിലധികം വോട്ട് നേടി ശ്രദ്ധേയനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കേരളത്തിലെ വിവിധ വേദികളില്‍വെച്ച് സദാനന്ദന്‍ മാസ്റ്ററെ അനുമോദിക്കുകയുണ്ടായി.
1999 മുതല്‍ പേരാമംഗലത്തെ ശ്രീ ദുര്‍ഗ്ഗ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യശാസ്ത്രം അധ്യാപകനായിരുന്ന അദ്ദേഹം രണ്ട് വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നും വിരമിച്ചു. ഗുവഹതി സര്‍വകലാശാലയില്‍ നിന്ന് ബി.കോം ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിഎഡും നേടി. അധ്യാപനത്തിനു പുറമേ, നാഷണല്‍ ടീച്ചേഴ്സ് യൂണിയന്റെ(എന്‍ടിയു) സംസ്ഥാന വൈസ് പ്രസിഡന്റും അതിന്റെ പ്രസിദ്ധീകരണമായ 'ദേശീയ അധ്യാപക വാര്‍ത്തയുടെ എഡിറ്ററുമായിരുന്നു അദ്ദേഹം. ദീര്‍ഘകലം ജന്മഭൂമി കോഴിക്കോട് യൂണിറ്റില്‍ സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തിലെ ചില ഭാഗങ്ങളില്‍ രാഷ്ട്രീയ അക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് സദാനന്ദന്‍ മാസ്റ്റര്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചരിത്രമുള്ള പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അക്രമത്തിന്റെ ഇരകൂടിയായ അദ്ദേഹം പലപ്പോഴായി സൂചിപ്പിട്ടുണ്ട്.
കേരളം ആസ്ഥാനമായുള്ള ഭാരതീയ വിചാര കേന്ദ്രം എന്ന സംഘടനയുമായും അദ്ദേഹം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. തൃശൂര്‍ പേരമംഗലം സ്‌ക്കൂളില്‍ നിന്നു തന്നെ വിരമിച്ച റിട്ട. അധ്യാപിക വനിതാ റാണിയാണ് ഭാര്യ. ഏക മകള്‍ യമുന ഭാരതി എഞ്ചിനീയറാണ്്.
അധ്യാപകനെന്ന നിലയിലുള്ള സദാനന്ദന്റെ പ്രവര്‍ത്തനവും വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകള്‍ക്കുമളള അംഗീകാരമാണ് അദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ ലബ്ധി.