കെ എസ് ആർ ടി സി വനിതാ ജീവനക്കാരുടെ ആർത്തവഅവധി ;ആവിശ്യം ഗൗരവമുള്ളതെന്ന് ഹൈക്കോടതി

ശമ്പളവും പെൻഷനും കൊടുക്കാൻ പോലും കഷ്ടപ്പെടുമ്പോൾ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും, തൊഴിൽ വിന്യാസത്തെയും സർവീസിനെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്നും കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു

author-image
Devina
New Update
kerala highcourt

കൊച്ചി : കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നയപരമായ തീരുമാനം സാധ്യമാണോയെന്നത് സംബന്ധിച്ച് കോടതി സർക്കാറിന്റെ വിശദീകരണം തേടി.

ഈ ആവശ്യത്തിലുള്ള നിവേദനം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്. ആശ തുടങ്ങി ഏതാനും വനിതാ കണ്ടക്ടർമാർ നൽകിയ ഹർജിയാണു ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്.

ഡബിൾ ഡ്യൂട്ടി സമ്പ്രദായത്തിൽ പ്രതിദിനം 14 -16 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുമെന്നു ഹർജിക്കാരായ വനിതാ കണ്ടക്ടർമാർ വാദിച്ചു. കർണാടക, ബിഹാർ, ഒഡീഷ ട്രാൻസ്‌പോർട്ട് കോർപറേഷനുകളിൽ ഇത് അനുവദിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ അവിടത്തെ സ്ഥാപനങ്ങൾ ലാഭത്തിലല്ലേ എന്ന് കോടതി ചോദിച്ചു. കർണാടകയിൽ മാത്രമാണ് ഈ അവധിയുള്ളതെന്നും അതു സർക്കാർ അനുവദിച്ചതാണെന്നും കെഎസ്ആർടിസിയുടെ അഭിഭാഷകൻ അറിയിച്ചു.

ശമ്പളവും പെൻഷനും കൊടുക്കാൻ പോലും കഷ്ടപ്പെടുമ്പോൾ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും, തൊഴിൽ വിന്യാസത്തെയും സർവീസിനെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്നും കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.

1842 കണ്ടക്ടർമാർ ഉൾപ്പെടെ 2846 വനിതാ ജീവനക്കാർക്കും പ്രതിമാസം 2 അവധി വീതം ആകെ 5692 അവധി വേണ്ടിവരും. ആർത്തവ അവധി മൗലികാവകാശങ്ങളുടെ ഭാഗമല്ലെന്നും സർവീസ് ചട്ടങ്ങളിൽ ഇതിനു വ്യവസ്ഥയില്ലെന്നും വിശദീകരിച്ചു.