കേരളത്തിൽ കളിക്കാൻ മെസ്സിയും ടീമും എത്തും: പ്രശ്നങ്ങൾ ഇല്ലെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍

നിലവില്‍ അര്‍ജന്റീനയുമായി സംസ്ഥാന സര്‍ക്കാര്‍ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാന്‍ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവര്‍ക്ക് കളിക്കാന്‍ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല.

author-image
Aswathy
New Update
Mesy

കേരളത്തില്‍ അര്‍ജന്റീന ടീം വരുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഒരു ദിവസം കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. "നിലവില്‍ അര്‍ജന്റീനയുമായി സംസ്ഥാന സര്‍ക്കാര്‍ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാന്‍ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവര്‍ക്ക് കളിക്കാന്‍ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല. കാണികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലായിരിക്കും കളി നടത്തുക. സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയില്ല. സ്‌പോണ്‍സര്‍ക്ക് പണം അടയ്ക്കാന്‍ ഇനിയും സമയമുണ്ട്. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍ വരുന്ന ഒക്ടോബര്‍ മാസത്തില്‍ അര്‍ജന്റീനയുടെ നല്ല ടീം കേരളത്തില്‍ കളിക്കു"മെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത കണ്ട് ആശങ്ക തനിക്കും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു. ഉദ്ദേശിച്ച രീതിയില്‍ പണമടച്ചാല്‍ കളി നടക്കുമെന്നാണ് അവര്‍ പറഞ്ഞത്. പണം അടയ്ക്കുമെന്ന് സ്‌പോണ്‍സറും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.

ഖത്തര്‍ ലോകകപ്പോടെ അര്‍ജന്റീന ടീമിനും മെസിക്കും കൈവന്ന വര്‍ദ്ധിച്ച സ്വീകര്യത, ലോകകപ്പ് സമയത്ത് കൊടുവള്ളിയിലെ പുള്ളാവൂര്‍ പുഴയില്‍ ആരാധകര്‍ ഉയര്‍ത്തിയ കൂറ്റന്‍ കട്ടൗട്ട് ഷെയര്‍ ചെയ്ത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രകടിപ്പിച്ച താല്‍പര്യം- ഇങ്ങനെ പല ഘടകങ്ങള്‍ അനുകൂലമായി വന്ന സാഹചര്യത്തിലായിരുന്നു അര്‍ജന്റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുളള വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഈ സാധ്യത തള്ളി. ഇതോടെയാണ് വലിയ അവസരമാണ് നഷ്ടപ്പെടുത്തുന്നതെന്നും മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി അബ്ദുറഹ്മാന്‍ പ്രഖ്യാപിച്ചത്.

പിന്നീട് ഓണ്‍ലൈന്‍ വഴിയും സെപ്റ്റംബറില്‍ സ്‌പെയിനില്‍ നേരിട്ടെത്തിയും ചര്‍ച്ച നടത്തി. അര്‍ജന്റീനയ്ക്കും എതിര്‍ ടീമിനുമായി നല്‍കേണ്ട തുക ഉള്‍പ്പെടെ 200 കോടിയിലേറെ രൂപ പൂര്‍ണമായൂം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനായിരുന്നു നീക്കം. ആദ്യം ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനായിരുന്നു സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്ത് വന്നത്. എന്നാല്‍ വ്യാപാരോല്‍സവത്തിലൂടെ പണം കണ്ടെത്താനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ അവര്‍ പിന്‍മാറി. പിന്നാലെയായിരുന്നു റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ വരവ്.

sports MESSI argentina