ഹിറ്റായി മെട്രോ കണക്ട് ഇലക്ടിക് ബസ്

ആലുവ-എയര്‍പോര്‍ട്ട്, കളമശേരി -മെഡിക്കല്‍ കോളേജ്, കളമശേരി-കുസാറ്റ് റൂട്ടുകളിളാണ് സര്‍വീസ്. പ്രതിദിനം ശരാശരി 1,900ത്തിലേറെ പേര്‍ ഈ റൂട്ടില്‍ മെട്രോ കണക്ട് സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

author-image
Prana
New Update
private-bus-employees

സംസ്ഥാനത്ത് വന്‍ വിജയമായി മെട്രോ കണക്ട് ഇലക്ടിക് ബസ്. കൊച്ചി മെട്രോ സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ച് സര്‍വീസ് ആരംഭിച്ച ബസില്‍ എട്ട് ദിവസം കൊണ്ട്15,500 പേരാണ് യാത്ര ചെയ്തത്. ഈമാസം 16ന് ആരംഭിച്ച സര്‍വീസുകളില്‍ 24 വരെ 15,500ഓളം പേര്‍ യാത്ര ചെയ്തുവെന്നാണ് വിവരം. ആലുവ-എയര്‍പോര്‍ട്ട്, കളമശേരി -മെഡിക്കല്‍ കോളേജ്, കളമശേരി-കുസാറ്റ് റൂട്ടുകളിളാണ് സര്‍വീസ്. പ്രതിദിനം ശരാശരി 1,900ത്തിലേറെ പേര്‍ ഈ റൂട്ടില്‍ മെട്രോ കണക്ട് സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇ-ഫീഡര്‍ സര്‍വീസ് ആരംഭിച്ചതോടെ ആലുവ, കളമശേരി മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുള്ളതായി മെട്രോ അധികൃതര്‍ പറയുന്നു. ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ കെ.എം.ആര്‍.എല്‍ നിരത്തിലിറക്കിയത്. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളുമാണ് സര്‍വീസ് നടത്തുന്നത്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്‌മെന്റിന് പുറമെ കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് വഴിയും പേയ്‌മെന്റ് നടത്താം. കൊച്ചി വാട്ടര്‍ മെട്രോ കാക്കനാട് സ്റ്റേഷനെ ഇന്‍ഫോപാര്‍ക്ക്, സിവില്‍ സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ബസ് സര്‍വീസ് 29ന് ബുധനാഴ്ച ആരംഭിക്കും. മൂന്ന് ബസുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. കാക്കനാട് വാട്ടര്‍ മെട്രോ-കിന്‍ഫ്രാ-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും. 

metro