വയനാട് ടൗൺഷിപ്പിനു 27 നു തറക്കല്ലിടും അടിയന്തര പ്രമേയത്തിന് മറുപടി നൽകി മന്ത്രി കെ.രാജൻ

അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സർക്കാർ. കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്.120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു

author-image
Rajesh T L
New Update
203948

തിരുവനന്തപുരം : മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സർക്കാർ.

കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്.120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ടി സിദ്ധിഖ് എംഎൽഎയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് സഭ വിട്ടു

കേന്ദ്ര സർക്കാർ മാലാഖയായല്ല, ചെകുത്താനായിട്ടാണ് അവതരിച്ചതെന്ന് മന്ത്രി വിമർശിച്ചു. പരാതികളെല്ലാം തീർക്കും, പുനരധിവാസത്തിന് സാധ്യമായ എല്ലാം ചെയ്യും. വയനാട്ടിൽ കേരള മോഡൽ ഉണ്ടാക്കും. രാഷ്ട്രീയത്തിന് അതീതമായി ഏറ്റവും മികച്ച രക്ഷാ പ്രവർത്തനമാണ് നടന്നത്.

ഇത്ര വലിയ ദുരന്തം ഉണ്ടായിട്ട് കേന്ദ്രം അത് തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് എത്ര മാസം കഴിഞ്ഞാണ്..? കേന്ദ്ര സർക്കാരിന് എതിരെ പറയുമ്പോൾ എന്തിനാണ് പ്രതിപക്ഷം പ്രകോപിതരാകുന്നത്..? കേരളം എന്തു ചെയ്തു എന്നതിൻ്റെ മറുപടിയാണ് കേരള ബാങ്ക് ദുരിത ബാധിതരുടെ കടം എഴുതി തള്ളിയത്.

കേരളത്തെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. എസ്റ്റേറ്റ് ഏറ്റെടുത്ത നടപടിയിൽ കോടതി ഇടപെടൽ ഉണ്ടായി. അതുണ്ടായില്ലെങ്കിൽ ഇപ്പോൾ വീടുകളുടെ നിർമ്മാണം കോൺക്രീറ്റ് വരെ എത്തുമായിരുന്നു.

ഭൂമിയിൽ കയറരുത് എന്നാണ് കോടതി നിർദേശിച്ചത്. പ്രതിദിന അലവൻസ് 300 രൂപ മൂന്ന് മാസം മാത്രമേ നിയമപ്രകാരം നൽകാനാവൂ. അതുകൊണ്ടാണ് നിർത്തിയത്. വയനാട് വിഷയത്തിൽ രാഷ്ട്രീയമില്ല. എല്ലാവരെയും ഒന്നിച്ചുനിർത്തി മുന്നോട്ട് പോകും. ദുരന്ത നിവാരണ പ്രവർത്തനത്തിനിടെ ചില പ്രചാരണങ്ങൾ ഉണ്ടായി. കൊടുക്കാത്ത ബ്രെഡ് പൂത്തതായി വരെ പ്രചരിപ്പിച്ചുവെന്നും മന്ത്രി വിമർശിച്ചു.

ദുരിതബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കാൻ പോലും സർക്കാർ കാലതാമസം വരുത്തുന്നുവെന്നായിരുന്നു ടി സിദ്ദിഖ് എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം. പുനരധിവാസം എങ്ങും എത്താത്ത സാഹചര്യം സഭ നിർത്തിവച്ച് ചർച്ചചെയ്യണം. ദുരന്തമുണ്ടായിട്ട് എട്ട് മാസമായി. ഉടുതുണിക്ക് മറുതുണി നഷ്ടമായവരാണ് ദുരിത ബാധിതർ.

ഇന്ത്യയിലല്ലേ കേരളം എന്ന് തോന്നും കേന്ദ്ര നിലപാട് കാണുമ്പോൾ. പ്രധാനമന്ത്രി നേരിട്ട് കണ്ട ദുരന്തത്തോട് കേന്ദ്ര സമീപനം മനുഷ്യത്വപരമല്ല. സംസ്ഥാന സർക്കാരും വ്യത്യസ്തരല്ല.

അനിശ്ചിതമായ കാലതാമസം പുനരധിവാസത്തിലുണ്ടായി. സ്പോൺസർമാരെ ഒത്തിണക്കി പുനരധിവാസം പൂർത്തിയാക്കാത്തത് സംസ്ഥാനത്തിന്റെ നിരുത്തരവാദ സമീപനമാണ്. എട്ട് മാസമായി ദുരന്തബാധിതരുടെ പൂർണ്ണ പട്ടിക പോലും സർക്കാരിൻ്റെ പക്കലില്ലെന്നും സിദ്ദിഖ് വിമർശിച്ചു.

വയനാടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പ്രശ്നങ്ങൾ ഊതി വീർപ്പിച്ചില്ല. കേന്ദ്രം കാണിച്ചത് ക്രൂരമായ അവഗണനയാണ്. ഔദാര്യമായി വായ്പ തന്നതും തെറ്റ്. ഗുരുതരമായ പരുക്ക് ഉള്ളവർക്ക് പോലും സ്വയം ചികിത്സക്ക് പോകേണ്ടി വരുന്നു. ഫെബ്രുവരി 22നാണ് മാനദണ്ഡം ഉണ്ടാക്കിയത്. അവർ 7 മാസം സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് ചികിത്സ തേടി.

ദുരിതബാധിതർക്ക് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഫീസിന് എന്ത് സഹായമാണ് സംസ്ഥാന സർക്കാർ ചെയ്തത്..? 3 മാസം കഴിഞ്ഞ് പ്രതിദിന അലവൻസ് 300 രൂപ നിർത്തി. മന്ത്രിസഭക്ക് പ്രത്യേക തീരുമാനം എടുക്കാമായിരുന്നു. കേന്ദ്രം സഹായിച്ചില്ലെങ്കിൽ പകരം പദ്ധതി സംസ്ഥാനത്തിൻ്റെ ഉത്തരവാദിത്തമാണ്.

ദുരിതബാധിതരുടെ സിബിൽ സ്കോർ താഴേക്ക് പോയി. ഇനി ഒരു വായ്പയും കിട്ടാത്ത അവസ്ഥയാണ്. സംസ്ഥാന സർക്കാരിൻ്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് കുറ്റപ്പെടുത്തി സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

kerala flood kerala flood relief