തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കള്‍ സ്ഥാനാര്‍ഥികള്‍ നീക്കം ചെയ്യണം: മന്ത്രി എംബി രാജേഷ്

സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാല്‍ അതൊരു നല്ല മാതൃകയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

author-image
anumol ps
New Update
m b rajesh

എംബി രാജേഷ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ വസ്തുക്കള്‍ സ്ഥാനാര്‍ഥികള്‍ നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാല്‍ അതൊരു നല്ല മാതൃകയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്കും സ്വീകരിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മുന്നണികള്‍ മത്സരിച്ചാണ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം  ഉപയോഗശൂന്യമാവുകയും അക്ഷരാര്‍ഥത്തില്‍ മാലിന്യമായിത്തീരുകയും ചെയ്തു.' നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകള്‍ക്ക് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നേതൃത്വം നല്‍കുന്നത് ജനങ്ങളില്‍ നല്ലൊരു സന്ദേശം നല്‍കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

എംബി രാജേഷിന്റെ കുറിപ്പ്: 

തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യുന്നതില്‍ ഇനി മത്സരിക്കാം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാന്‍ നമുക്ക് കൈ കോര്‍ക്കാം. അതാത് മുന്നണികള്‍ സ്ഥാപിച്ച പ്രചാരണ വസ്തുക്കള്‍ അവര്‍ തന്നെ ഉടന്‍ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. 

സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാല്‍ അതൊരു നല്ല മാതൃകയായിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ധര്‍മ്മടം മണ്ഡലത്തില്‍ ബഹു. മുഖ്യമന്ത്രി  സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്കും സ്വീകരിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മുന്നണികള്‍ മത്സരിച്ചാണ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം   ഉപയോഗശൂന്യമാവുകയും അക്ഷരാര്‍ഥത്തില്‍ മാലിന്യമായിത്തീരുകയും ചെയ്തു. നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നേതൃത്വം നല്‍കുന്നത് ജനങ്ങള്‍ക്കാകെ നല്ലൊരു സന്ദേശം നല്‍കും. തങ്ങളുടെ എല്ലാ ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്തെന്ന് ഉറപ്പാക്കി, ജനങ്ങള്‍ക്ക് മുന്‍പില്‍ ഇക്കാര്യം പ്രഖ്യാപിക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വരണം.

അധ്യയന വര്‍ഷാരംഭവും കാലവര്‍ഷവും ഉള്‍പ്പെടെ പടിവാതില്‍ക്കലെത്തി നില്‍ക്കെ, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ അപകടങ്ങള്‍ക്കും കാരണമാവാന്‍ സാധ്യതയുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടുകൊണ്ടുള്ള നടപടികള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ കാലത്ത് വിവിധ ഫാന്‍സ് അസോസിയേഷനുകള്‍ സമാനമായ ചാലഞ്ച് ഏറ്റെടുത്തിരുന്നു. 

മെയ് 10നുള്ളില്‍ സ്വമേധയാ മാറ്റാത്ത എല്ലാ ബോര്‍ഡുകളും നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കും. ഈ നടപടിക്ക് ആവശ്യമായ തുക അതാത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായി അധികാരമുണ്ട്. സ്വന്തം നിലയ്ക്ക് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവ നീക്കി, അതിന്റെ ചെലവ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കാനുള്ള നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മെയ് 20നകം ഉപയോഗശൂന്യമായ എല്ലാ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും കൊടിതോരണങ്ങളും പൂര്‍ണമായി നീക്കം ചെയ്തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. മാലിന്യമുക്ത നവകേരളത്തിനായി നമുക്ക് അണിനിരക്കാം.

candidate minister mb rajesh remove election campaign materials