/kalakaumudi/media/media_files/VFY1ht8qzkQcR6Nvn48d.jpeg)
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു കൊണ്ട് വരുന്നതിൽ വൈകിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ പ്രശ്നപരിഹാരത്തിന് സഹായകരമാകുമെന്ന് കരുതുന്നു. സ്ത്രീസംരക്ഷണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമതടസ്സങ്ങൾ കാരണമാണ് റിപ്പോർട്ട് വൈകിയത്. അത് മാറിക്കഴിഞ്ഞപ്പോൾ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കൊപ്പം റിപ്പോർട്ട് പുറത്തുവരുന്നതും അതിനെ തുടർന്നുണ്ടാകുന്ന ചർച്ചകളും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ അഭിഭാഷകർ കോടതിയിലെടുത്ത നിലപാട് റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു എ ന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്.