/kalakaumudi/media/media_files/2025/10/02/vn-2025-10-02-08-29-41.jpg)
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എന്‍ വാസവനും ഗവര്‍ണറും. എസ്എന്‍ഡിപി യോഗം ശിവഗിരി യൂണിയന്‍ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇരുവരും വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്.
പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷം തുടര്‍ന്ന നേതാവാണ് വെള്ളാപ്പള്ളി. കുത്തഴിഞ്ഞു കിടന്ന ഒരു പുസ്തകം കുത്തിക്കെട്ടി എല്ലാവര്‍ക്കും വായിക്കാന്‍ കഴിയുന്ന ഒരു പുസ്തകമാക്കി മാറ്റി. പ്രവര്‍ത്തനവും മനസ്സും യൗവ്വന തുടിപ്പോടുകൂടി ഇന്നും മുന്നോട്ടുപോകുന്നു. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
നല്ല ആളുകള്‍ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു. അതാണ് വെള്ളാപ്പള്ളി നടേശനിലൂടെ കണ്ടത്. സംഘടനയെ ദീര്‍ഘകാലം നയിക്കാനുള്ള കരുത്ത് വെള്ളാപ്പള്ളിക്ക് ലഭിക്കട്ടെയെന്ന് പ്രംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
30 വര്‍ഷം തുടര്‍ച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ല. വെള്ളാപ്പള്ളി നടേശനെ പോലുള്ള ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് സാധിക്കൂ. ഒരു വലിയ സമൂഹത്തെയാണ് അദ്ദേഹം നയിക്കുന്നത്. എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുക എളുപ്പമല്ല. വെള്ളാപ്പള്ളിയില്‍ മികച്ച നേതൃപാടവം കാണാന്‍ കഴിയും. വെള്ളാപ്പള്ളി നടേശനെപ്പോലുള്ള നേതൃത്വം കേരളത്തില്‍ ഉള്ളതില്‍ അഭിമാനിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് വെള്ളാപ്പള്ളിയെ പോലെ നേതൃപാടവം ഉള്ളവരെ ആവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, തന്നെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചീത്ത വാക്കുകള്‍ പറഞ്ഞ സ്ഥലമാണ് വര്‍ക്കല. അവിടെ നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കുന്നതില്‍ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശന്‍ മറുപടി പറഞ്ഞു. കുറ്റം പറയാനായി മാത്രം ചിലര്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ മാറി നിന്ന് കുറ്റം പറയുന്നത് സംഘടനയ്ക്ക് നല്ലതല്ല. തന്നെ കള്ള് കച്ചവടക്കാരനെന്ന് പറഞ്ഞത് വരെ സഹിച്ചുവെന്നും വെള്ളാപ്പള്ളി പ്രസംഗത്തില്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തിലേക്ക് എത്തിയത് ട്രാക്ക് തെറ്റിയാണ്. വി എസ് അച്യുതാനന്ദനുള്‍പ്പടെയുള്ള നേതാക്കള്‍ തന്ന പ്രേരണയാണ് പ്രസ്ഥാനത്തെ ചേര്‍ത്തു പിടിക്കാന്‍ കാരണം. ഞാന്‍ ജാതി പറയുന്നവര്‍ എന്ന് പറഞ്ഞ് മറ്റെല്ലാവരും ആക്ഷേപിക്കാറുണ്ട്. ജാതി വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം താന്‍ ജാതി പറയും. എനിക്ക് രാഷ്ട്രീയ മോഹമില്ല. അധികാരത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
