'സിലബസ് അടിയറ വയ്ക്കില്ല, കേരളം പഠിപ്പിക്കുന്നത് ഗാന്ധിഘാതകന്‍ ഗോഡ്‌സെ എന്നു തന്നെ': മന്ത്രി ശിവന്‍കുട്ടി

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്‌സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ആര്‍ക്കും മായ്ക്കാന്‍ കഴിയില്ല

author-image
Biju
New Update
shivankutty

തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീയില്‍ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ല. പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.

ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്‌സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ആര്‍ക്കും മായ്ക്കാന്‍ കഴിയില്ല. കേരള സിലബസിന്റെ അടിസ്ഥാനത്തില്‍, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ തുടര്‍ന്നും നല്‍കുക.

സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രസ്താവനകളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു.