മന്ത്രി വീണ ജോര്‍ജിനെതിരായ ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയം: മുഖ്യമന്ത്രി

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല. ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്.

author-image
Biju
New Update
CM VEENA

കണ്ണൂര്‍:വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല. ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്.  ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുത്. ഇതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിനു തന്നെയാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്യു ആക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്‌യു പ്രതിഷേധത്തിനിടെയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് പ്രതിഷേധത്തിനിടെ കഴുത്തിനു പരുക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഇതിനു ശേഷമാണ് കഴുത്തിനും കൈക്കും മര്‍ദനമേറ്റതായും സാരമായി വേദനയുണ്ടെന്നും മന്ത്രി പറഞ്ഞത്. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.