മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത മന്ത്രിയോട് നാല് ദിവസം പൂര്‍ണ്ണ വിശ്രമമാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.നിലവില്‍ മരുന്നുകള്‍ തുടരുന്നുണ്ട്

author-image
Biju
New Update
VEENA 3

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മന്ത്രി നിലവില്‍ പത്തനംതിട്ടയിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിലാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള മന്ത്രിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത മന്ത്രിയോട് നാല് ദിവസം പൂര്‍ണ്ണ വിശ്രമമാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.നിലവില്‍ മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോളോ-അപ്പ് ചികിത്സ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മന്ത്രി എവിടെയാണെന്നതിനെച്ചൊല്ലി കെ.എസ്.യു ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിയെ കാണാനില്ലെന്നും ''അഭിനയത്തിനുള്ള അവാര്‍ഡ്'' നല്‍കണമെന്നും കെ.എസ്.യു ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി എത്തിയത്.

കണ്ണൂരില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റതിനെത്തുടര്‍ന്നാണ് മന്ത്രി ചികിത്സ തേടിയത്. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് വീട്ടിലേക്ക് മാറ്റിയത്. വരും ദിവസങ്ങളില്‍ ആരോഗ്യനില വിലയിരുത്തിയ ശേഷം മാത്രമേ മന്ത്രി ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തുകയുള്ളൂ.