കൊച്ചി: മയക്കുമരുന്ന് കടത്തിലും ഉപയോഗത്തിലും വ്യാപാരത്തിലും 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പങ്കാളിത്തം വര്‍ധിക്കുന്നതായി കണക്കുകള്‍. 2022 മുതല്‍ മയക്കുമരുന്ന് കള്ളക്കടത്തിനും വ്യാപാരത്തിനും പിടിയിലായത് 170 കുട്ടികളെന്നാണ് കണക്കുകള്‍.സംസ്ഥാനത്ത് 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പ്രതികളായ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2022ല്‍ 40 കേസും, 2023ല്‍ 39ഉം 2024ല്‍ 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2025ല്‍ രണ്ടുമാസത്തിനിടെ 36 എന്‍ഡിപിഎസ് കേസുകളാണ് ഈ പ്രായപരിധിയിലുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 2021 മുതല്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസുകളില്‍ 86 കുട്ടികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇത്തരം കേസുകളില്‍ കുട്ടികള്‍ക്കുള്ള ശിക്ഷ കുറവായതാണ് ലഹരി മാഫിയ മുതലെടുക്കുന്നത്. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് പലപ്പോഴും കുട്ടിക്കുറ്റവാളികള്‍ക്ക് ജാമ്യം നല്‍കി വിട്ടയക്കാറുണ്ട്. ഒപ്പം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പരമാവധി ശിക്ഷ 4,000 രൂപ പിഴ മാത്രമാണ് പലപ്പോഴും ഉണ്ടാകാറും ഉള്ളത്.അതേസമയം, ഒഡീഷയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിനുകള്‍ വഴി മയക്കുമരുന്നും കഞ്ചാവും കടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നടപടി ശക്തമാക്കിയതോടെ കടത്തുകാര്‍ സ്ത്രീകളെയും കുട്ടികളെയും കാരിയര്‍മാരായി ഉപയോഗിക്കുന്നുണ്ട്. ലഹരി കടത്തിനായി ഒരു അമ്മയെയും കുട്ടിയെയും എന്ന നിലയിലാണ് മാഫിയ ഉപയോഗിക്കുന്നത്. ഓരോ യാത്രയ്ക്കും 5,000 രൂപ വരെ ഇവര്‍ക്ക് ലഭിക്കും. സമീപ വര്‍ഷങ്ങളില്‍ ഇത്തരം കേസുകള്‍ ഗണ്യമായി വര്‍ധിച്ചതായി ഏജന്‍സികള്‍ വ്യക്തമാക്കുന്നു.