
misery life in dog cage for migrant worker in piravom
പിറവം: പിറവത്ത് അതിഥി തൊഴിലാളി വാടകയ്ക്ക് താമസിക്കുന്നത് പട്ടിക്കൂട്ടിൽ.ജീർണാവസ്ഥയിലുള്ള പഴയ പട്ടിക്കൂടിലാണ് മൂന്ന് മാസമായി ബംഗാൾ സ്വദേശിയായ ശ്യംസുന്ദറിന്റെ താമസം. പട്ടിക്കൂട്ടിൽ കഴിയുന്നതിനായി അതിഥി തൊഴിലാളിയിൽ നിന്ന് കെട്ടിടം ഉടമ മാസം 500 രൂപവീതമാണ് വാടക വാങ്ങുന്നത്.സംഭവം കേരളത്തിന് ആകെ നാണക്കേടുണ്ടാക്കുന്നതാണ് എന്നാണ് വിമർശനം.
പ്രദേശ വാസികൾ അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുന്ന വീടിനോട് ചേർന്നാണ് പട്ടിക്കൂട്. മറ്റു തൊഴിലാളികൾ നൽകുന്ന വാടക നൽകാൻ ഇല്ലാത്തതിനാൽ പട്ടിക്കൂട്ടിൽ കഴിയാൻ വീട്ടുടമ അനുവാദം നൽകുകയായിരുന്നു എന്ന് ശ്യാം സുന്ദർ പറഞ്ഞു.
നാല് വർഷമായി ശ്യാംസുന്ദർ കേരളത്തിൽ എത്തിയിട്ട്. വീട്ടിൽ താമസിക്കാനുള്ള വാടക കാശ് ഇല്ലാതായതോടെ ആണ് പട്ടിക്കൂടിൽ എത്തിയത്. പാചകവും കിടപ്പും ഇരിപ്പും എല്ലാം ഇതിൽ തന്നെ. പട്ടിക്ക് പുറംലോകം കാണാൻ നാലു ചുറ്റം ഗ്രിൽ ഉണ്ടായിരുന്നു. അത് കാർബോർഡ് കൊണ്ട് മറച്ചിട്ടുണ്ട്.
പട്ടിക്കൂട് മനുഷ്യന് 500 രൂപ വാടകയ്‌ക്ക് നൽകിയ സ്ഥലം ഉടമ ബംഗ്ലാവിന് സമാനമായ വീടും ഇതിന് അടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ശ്യാം സുന്ദർ സമ്മതിച്ചിട്ടാണ് പട്ടിക്കൂട് വാടകയ്‌ക്ക് നൽകിയതെന്ന് വീട്ടുടമ പ്രതികരിച്ചു. സംഭവം പുറത്ത് വന്നതിന് പിന്നാലെ പൊലീസും നഗരസഭയും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.