/kalakaumudi/media/media_files/2025/07/25/cc-mukundan-mla-2025-07-25-16-21-12.jpg)
അന്തിക്കാട് ( തൃശൂര്‍): സി.സി.മുകുന്ദന്‍ എംഎല്‍എ കാല്‍മുട്ടിനു പരുക്കേറ്റ് കിടപ്പിലായി.വി.എസ്.അച്യുതാനന്ദന്റെസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തി വീട്ടിലേക്കു കയറുമ്പോഴാണ് കാലിടറി വീണത്.
പ്രധാനവാതില്‍ തുറന്ന് ഹാളിനുള്ളില്‍ പ്രവേശിച്ച എംഎല്‍എ തറയില്‍ വെള്ളം കിടന്നതാറിയാതെ വീഴുകയായിരുന്നു.കാലില്‍ വേദനയും നീരുമുള്ളതിനാല്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ 2 ആഴ്ച വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ഗവ.ആശുപത്രി റോഡിനു സമീപമുള്ള അഞ്ചര സെന്റിലാണ് സിപിഐക്കാരനായ എംഎല്‍എയുടെ കൊച്ചുവീട്. ചോര്‍ച്ചയുള്ള ഈ വീടാകട്ടെ ഇപ്പോള്‍ ജപ്തി ഭീഷണിയിലുമാണ്.
ഹാളും കിടപ്പുമുറികളും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. പണ്ടൊരു കുടിലായിരുന്നെങ്കിലും പിന്നീട് ഓട് മേഞ്ഞു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തില്‍ മുന്നിലെ വരാന്തയുടെയും അടുക്കളയുടെയും മേല്‍ക്കൂരകള്‍ കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ അവിടം ചോരില്ല. 2015ല്‍ മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി കാരമുക്ക് സഹകരണബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ വായ്പ പുതുക്കിയതോടെ എല്ലാം കൂടി 18 ലക്ഷം രൂപയായി. അതാണ് ഇപ്പോള്‍ ജപ്തിയുടെ വക്കില്‍ എത്തിയത്.
എംഎല്‍എയായപ്പോള്‍ വീടൊന്ന് പുതുക്കണമെന്ന് കരുതിയെങ്കിലും വാങ്ങിയ കാറിന്റെ തിരിച്ചടവ് കഴിഞ്ഞേ എംഎല്‍എ ഓണറേറിയം ലഭിക്കൂ. അന്ന് കാര്‍ വാങ്ങാതെ വീട് പുതുക്കിയാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നാറുണ്ടെന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു.
അന്തിക്കാട് ചെത്ത് തൊഴിലാളി സഹകരണസംഘത്തിലെ ഓഫിസ് അസിസ്റ്റന്റ് ആയിരുന്നു സി.സി.മുകുന്ദന്‍. സമരങ്ങള്‍ക്കും യോഗങ്ങള്‍ക്കും അവധിയെടുത്തെടുത്ത് ഹാജര്‍ കുറഞ്ഞതിനാല്‍ പിരിഞ്ഞുപോരുമ്പോള്‍ ആനുകൂല്യമായി ആകെ കിട്ടിയത് 65,000 രൂപ മാത്രമായിരുന്നെന്നും എംഎല്‍എ പറഞ്ഞു.