/kalakaumudi/media/media_files/2025/06/28/fb_img_1751099550082-2025-06-28-14-02-44.jpg)
കൊല്ലം : വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യൂണിറ്റ് ഉദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രിമുറ്റത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തത് നിർവഹിച്ചു.
സംസ്ഥാനത്താകെ വ്യാപിപ്പിക്കാവുന്ന മാതൃകാപരമായ മുന്നേറ്റമാണ് ജില്ലാ പഞ്ചായത്തിന്റേതെന്നും ക്ലസ്റ്റർ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൊബൈൽ സെപ്‌റ്റേജ് യൂണിറ്റ് സേവനം ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ പഞ്ചായത്താണ് കൊല്ലമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കേരളത്തിൽ 19 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ശുചിത്വമുള്ള പൊതുസമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് മൊബൈൽ യൂണിറ്റ് ആണ് ജില്ലാ പഞ്ചായത്ത് വാങ്ങിയത്.ഒരു യൂണിറ്റിന് 50 ലക്ഷം രൂപയാണ് ചിലവ്.ജൂലൈ ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും.
കുറഞ്ഞത് 5000 രൂപയാണ് ഫീസായി ഈടാക്കുന്നത്. ദൂരം കൂടുന്നതിനനുസരിച്ച് സർവീസ്ചാർജിൽ മാറ്റങ്ങൾ ഉണ്ടാവും.
പ്രവർത്തനരീതി
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ശൗചാലയ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി ശുദ്ധീകരിച്ച് മാലിന്യത്തിലെ ഖരപദാർത്ഥങ്ങൾ പ്രത്യേക രാസലായിനി ഉപയോഗിച്ച് വളമാക്കും.അതിലെ വെള്ളം വ്യത്യസ്തമായ നാല് ട്രീറ്റ്മെന്റ്കൾക്ക് ശേഷം പുറത്തേക്ക് വിടും. ഇ കോളി ഉൾപ്പെടെയുള്ള ബാക്ടീരിയകളെ ഫിൽട്ടർ ചെയ്തതിന് ശേഷമാണ് വെള്ളം പുറത്തേക്ക് വിടുക.