എന്റെ മണ്ണിന് പ്രത്യേകം നന്ദി... ജന്‍മനാടിന്റെ സ്‌നേഹാദരം ഏറ്റുവാങ്ങി ലാല്‍

എനിക്ക് ഈ സ്വീകരണം നല്‍കുന്നത് എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരുമാണ്. ദില്ലിയില്‍ വെച്ച് അതിവിഷ്ടമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം വാങ്ങിയ നിമിഷത്തേക്കാള്‍ ഏറെ വൈകാരികഭാരത്തോടെയാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത

author-image
Biju
New Update
lal

ബി.വി. അരുണ്‍ കുമാര്‍

തിരുവനന്തപുരം: ജന്‍മനാടിന്റെ ആവേശവും സ്‌നേഹാദരവും ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ഇന്നലെ വൈകിട്ട് അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മലയാളം വാനോളം, ലാല്‍ സലാം എന്ന പരിപാടിയില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 

ചടങ്ങില്‍ ജന്‍മനാടായ തലസ്ഥാനത്തെയും ഇവിടെയുള്ള ജനങ്ങളുടെ സ്‌നേഹത്തെയും മോഹന്‍ലാല്‍ എടുത്തുപറഞ്ഞു. ഹൃദ്യമായ നന്ദി വാക്കുകളോടെയാണ് മോഹന്‍ലാല്‍ ആദരം സ്വീകരിച്ചത്.  മോഹന്‍ലാലിന്റെ ഓരോ വാക്കുകളും വലിയ കരഘോഷത്തോടെയാണ് വേദി സ്വീകരിച്ചത്. വൈകിട്ട് അഞ്ചുമണിക്കായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 

എന്നാല്‍ മൂന്നുമണിയോടെ തന്നെ സ്‌റ്റേഡിയം തിങ്ങിനിറഞ്ഞു. നാടിന്റെ നാനാതുറയിലുള്ളവര്‍ ലാലിനെ കാണാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. നന്ദി പ്രസംഗത്തിനിടെ ആരാധകരുടെയും ജനങ്ങളുടെയും കരഘോഷം കണ്ട് ലാലിന്റെ കണ്ണു നിറഞ്ഞു. വൈകാരികമായാണ് അദ്ദേഹം പ്രസംഗം തുടര്‍ന്നത്. 

തന്റെ ഇതുവരെയുള്ള വഴികളില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും പലവിധ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇതുവരെ എത്തിയതെന്നും ലാല്‍ പറഞ്ഞു. പുകഴ്ത്തലുകളും ഇകഴ്ത്തലുകളും ഉണ്ടായപ്പോഴും തളരാതെ തന്നെ താങ്ങിനിര്‍ത്തിയത് നിങ്ങളെപോലുള്ളവരുടെ സ്‌നേഹവും പിന്തുണയുമാണെന്ന് ലാല്‍ പറഞ്ഞു. ഇതു കേട്ടതും വേദിയാകെ ഒന്നിച്ച് ലാലേട്ടന്‍ എന്ന് ഉറക്കെ വിളിച്ചു. 

''എനിക്ക് ഈ സ്വീകരണം നല്‍കുന്നത് എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരുമാണ്. ദില്ലിയില്‍ വെച്ച് അതിവിഷ്ടമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം വാങ്ങിയ നിമിഷത്തേക്കാള്‍ ഏറെ വൈകാരികഭാരത്തോടെയാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ഒന്നുമറിയാതെ എന്റെ അമ്മയ്ക്കും അച്ഛനും ഒപ്പം ജീവിച്ച ഇടമാണ് ഈ മണ്ണ്. 

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഞാന്‍ അനുഭവിക്കുന്ന വൈകാരികഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജ്ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ല. എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങളും മലയാളിക്കും മലയാളത്തിനും കേരളത്തിന് ആകെയും ലഭിച്ചവയാണ് എന്ന് ഞാന്‍ കരുതുന്നു. 

ഏതു കലാകാരനും ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങള്‍ ആണെങ്കിലും അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ്.'', മോഹന്‍ലാല്‍ പറഞ്ഞു. കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്കുള്ളതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെ പിതാവായ ദാദ സാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ സമര്‍പ്പിത ജീവിതം തന്റെ മനസിലൂടെ കടന്ന് പോയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

 ''എനിക്ക് അനായാസമാണ് അഭിനയം എന്ന് പലരും പറയുന്നു. എനിക്ക് അഭിനയം അനായാസം അല്ല. ദൈവമേ എന്ന് വിളിച്ചു കൊണ്ട് മാത്രമേ ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത്''- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്റെ നാടിന്റെ മണ്ണില്‍ വച്ച് ഇത്ര ഗംഭീരമായ സ്വീകരണം ഒരുക്കിയ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ഹൃദയത്തില്‍ നിറഞ്ഞ നന്ദി. സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

mohanlal