രാജ്യത്തിന് 'ലാലു'വിനെ സമ്മാനിച്ച അമ്മ... പരമോന്നതബഹുമതിയും കണ്ട് മടങ്ങി

അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശാന്തകുമാരിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് മോഹന്‍ലാല്‍ വീട്ടിലെത്തിയിട്ടുണ്ട്. 'ലാലു' എന്ന് വാത്സല്യത്തോടെ മകനെ വിളിച്ചിരുന്ന ശാന്തകുമാരി, മലയാള സിനിമയ്ക്ക് ഒരു അതുല്യ പ്രതിഭയെ സമ്മാനിച്ച അമ്മ എന്ന നിലയില്‍ പ്രശസ്തയാണ്

author-image
Biju
New Update
lalu 3

കൊച്ചി: പ്രിയതാരം മോഹന്‍ലാലിന്റെ അമ്മയുടെ വിയോഗത്തില്‍ ദുഖത്തിലാണ് സിനിമാലോകവും മലയാളക്കരയും. രാജ്യത്തന്റെ പരമോന്നത സിനിമാ ബഹുമതിയായ ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം മോഹന്‍ലാലിലെ തേടിയെത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. അന്ന് പുരസ്‌കാരം ലഭിച്ചശേഷം നാട്ടിലെത്തിയ മോഹന്‍ലാല്‍ അമ്മയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. 

ഈ നേട്ടം കാണാന്‍ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, അമ്മയ്‌ക്കൊപ്പം ഈ നേട്ടം പങ്കുവയ്ക്കാന്‍ എനിക്കും ഭാഗ്യം ഉണ്ടായി:

'അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. അതങ്ങനെ തന്നെയല്ലേ വേണ്ടത്. ഈ നേട്ടം കാണാന്‍ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, അമ്മയ്‌ക്കൊപ്പം ഈ നേട്ടം പങ്കുവയ്ക്കാന്‍ എനിക്കും ഭാഗ്യം ഉണ്ടായി. അമ്മ സുഖമില്ലാതിരിക്കുന്ന സമയമാണ്, പക്ഷേ അമ്മയ്ക്ക് എല്ലാം മനസിലാവും, സംസാരിക്കാന്‍ കുറച്ച് പ്രയാസമുണ്ട്. എങ്കിലും എനിക്ക് കേട്ടാല്‍ മനസിലാവും. എന്നെ അനുഗ്രഹിച്ചു, ആ അനുഗ്രഹം എനിക്കൊപ്പമുണ്ട്', മോഹന്‍ലാല്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ് ഇങ്ങനെയായിരുന്നു. 

അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശാന്തകുമാരിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് മോഹന്‍ലാല്‍ വീട്ടിലെത്തിയിട്ടുണ്ട്. 'ലാലു' എന്ന് വാത്സല്യത്തോടെ മകനെ വിളിച്ചിരുന്ന ശാന്തകുമാരി, മലയാള സിനിമയ്ക്ക് ഒരു അതുല്യ പ്രതിഭയെ സമ്മാനിച്ച അമ്മ എന്ന നിലയില്‍ പ്രശസ്തയാണ്. മകന്‍ ഇന്ത്യന്‍ സിനിമയുടെ തലപ്പത്ത് നില്‍ക്കുമ്പോഴും, അദ്ദേഹത്തിന്റെ ചില സിനിമകള്‍ കാണാന്‍ ശാന്തകുമാരി തയ്യാറായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

കിരീടം, ചെങ്കോല്‍, താളവട്ടം എന്നീ ചിത്രങ്ങളായിരുന്നു അവ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ അവര്‍ ഇത് തുറന്നു പറഞ്ഞിരുന്നു. 'കിരീടവും ചെങ്കോലും ഞാന്‍ കാണത്തില്ല. ഭയങ്കര കഷ്ടവ അത്. അടിയൊക്കെയാണ്. എനിക്ക് കാണണ്ട. ചെങ്കോല്‍ ഞാന്‍ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച് കണ്ടു. പിന്നെ എനിക്ക് കാണണ്ട. താളവട്ടവും ഞാന്‍ കണ്ടിട്ടില്ല,' എന്നായിരുന്നു അവര്‍ അന്ന് പറഞ്ഞത്. കിലുക്കം പോലുള്ള സിനിമകള്‍ കാണാന്‍ ഇഷ്ടമാണെന്നും, ചിത്രം സിനിമയുടെ അവസാന ഭാഗം ആയപ്പോള്‍ താന്‍ എഴുന്നേറ്റുപോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അമ്മയെക്കുറിച്ച് പല വേദികളിലും മോഹന്‍ലാല്‍ വാചാലനാകാറുണ്ടായിരുന്നു. 89-ാം പിറന്നാള്‍ ദിനത്തില്‍ എളമക്കരയിലെ വീട്ടില്‍ അമ്മയ്ക്കായി മോഹന്‍ലാല്‍ ഒരു സംഗീതാര്‍ച്ചന ഒരുക്കിയത് വലിയ വാര്‍ത്തയായിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍, തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. മൂത്തമകന്‍ പ്യാരിലാല്‍ 2000 ല്‍ മരണപ്പെട്ടിരുന്നു.

എളമക്കരയില്‍ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. അമ്മക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാല്‍ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്കായി മോഹന്‍ലാല്‍ എളമക്കരയിലെ വീട്ടില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു.

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.